സിഡ്‌നി: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, പെട്രോൾ – ഡീസൽ വാഹനങ്ങൾ ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളിലേക്ക് (EV) മാറുന്ന ഓസ്‌ട്രേലിയക്കാരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ ഒരു മാസത്തിനിടെ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനുള്ള വായ്പകളിൽ 90 ശതമാനത്തിന്റെ വർധനവുണ്ടായതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ഫെബ്രുവരി 28-ന് പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന വിതരണ ശൃംഖല തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമായത്. ഇതോടെ പെട്രോൾ വിലയിൽ 30 ശതമാനത്തോളം വർധനവുണ്ടായി. പ്രമുഖ നഗരങ്ങളിൽ അൺലെഡഡ് ഇന്ധനത്തിന് ലിറ്ററിന് 2.20 ഡോളറിലെത്തിയപ്പോൾ, ഡീസൽ വില ലിറ്ററിന് 3 ഡോളറിന് മുകളിലേക്ക് കുതിച്ചു. ഇന്ധനവിലയിലെ ഈ അനിശ്ചിതത്വമാണ് മോട്ടോർ വാഹന ഉടമകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
പ്രമുഖ വായ്പാ ദാതാക്കളായ മണിമീ (MONEYME) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ലോൺ അപേക്ഷകൾ ഇരട്ടിയായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാൻഡിൽ 270 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പെട്രോൾ വാഹനങ്ങൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ മാസം മാത്രം 22 ശതമാനത്തിന്റെ ഇടിവുണ്ടായി.
ഇന്ധനക്ഷാമവും വിലക്കയറ്റവും പോലുള്ള ബാഹ്യ സമ്മർദ്ദങ്ങൾ വർഷങ്ങളെടുത്ത് മാറേണ്ട ഒരു പ്രവണതയെ മാസങ്ങൾക്കുള്ളിൽ യാഥാർത്ഥ്യമാക്കിയെന്ന് മണിമീ സി.ഇ.ഒ ക്ലേട്ടൺ ഹോവ്സ് പറഞ്ഞു. ഹൈബ്രിഡ് വാഹനങ്ങൾക്കായുള്ള ആവശ്യത്തിലും ഒമ്പത് ശതമാനം വർധനവുണ്ടായിട്ടുണ്ട്.
പ്രമുഖ വാഹന വിൽപന വെബ്‌സൈറ്റായ carsales.com.au നൽകുന്ന വിവരങ്ങൾ പ്രകാരം ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള തിരച്ചിൽ മാർച്ചിൽ മൂന്നിരട്ടിയായി വർധിച്ചു. കഴിഞ്ഞ നവംബറിൽ 35 ശതമാനം ആളുകൾ മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നതെങ്കിൽ, ഇപ്പോൾ അത് 55 ശതമാനമായി ഉയർന്നു. ഇന്ധനവിലയിലെ ചാഞ്ചാട്ടം വാഹന വിപണിയിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കുന്നതായാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

