അഡ്ലെയ്ഡ്: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, മൃഗപീഡനം (Bestiality), ഓൺലൈൻ പെൺവാണിഭം തുടങ്ങി അതിക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ദമ്പതികളെ അഡ്ലെയ്ഡിന്റെ വടക്കൻ പ്രാന്തപ്രദേശത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നു എന്ന വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണമാണ് ദമ്പതികളുടെ അറസ്റ്റിലേക്ക് നയിച്ചത്.
ദക്ഷിണ ഓസ്ട്രേലിയൻ പോലീസും മൃഗസംരക്ഷണ സംഘടനയായ ആർ.എസ്.പി.സി.എ (RSPCA) ഉദ്യോഗസ്ഥരും സംയുക്തമായാണ് ദമ്പതികളുടെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയിൽ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങളും മൃഗപീഡന ദൃശ്യങ്ങളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു. കൂടാതെ, ഇവർ സ്വന്തം വീട് കേന്ദ്രീകരിച്ച് ഒരു ഓൺലൈൻ പെൺവാണിഭ കേന്ദ്രം (Brothel) നടത്തിവരികയായിരുന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.
39 വയസ്സുകാരനായ പുരുഷനെതിരെ കുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ കൈവശം വെച്ചതിനും, പെൺവാണിഭ കേന്ദ്രം നടത്തിയതിനും, മൃഗപീഡനത്തിനും മൃഗങ്ങളോടുള്ള ക്രൂരതയ്ക്കും കേസെടുത്തു. ഇതേ വീട്ടിൽ താമസിച്ചിരുന്ന 33 വയസ്സുകാരിയായ യുവതിക്കെതിരെയും മൃഗപീഡനത്തിനും മൃഗങ്ങളെ ഉപദ്രവിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്.
ഈ സംഭവത്തെ ‘അങ്ങേയറ്റം നിന്ദ്യമായ കുറ്റകൃത്യം’ എന്നാണ് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ജോർജ്ജ് ഫെൻവിക് വിശേഷിപ്പിച്ചത്. സമൂഹത്തിന്റെ എല്ലാ ധാർമ്മിക മൂല്യങ്ങളെയും ലംഘിക്കുന്ന ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കുട്ടികളെ ഓൺലൈൻ ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ ദമ്പതികൾക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസ് എലിസബത്ത് മജിസ്ട്രേറ്റ് കോടതി പിന്നീട് പരിഗണിക്കും. ഇവർ ഉപയോഗിച്ചിരുന്ന കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾ നിലവിൽ പോലീസ് പരിശോധിച്ചുവരികയാണ്.

