ഗോവ പോണ്ട നിയമസഭാ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി

പനാജി: ഗോവയിലെ പോണ്ട (Ponda) നിയമസഭാ മണ്ഡലത്തിൽ നടക്കാനിരുന്ന ഉപതിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് റദ്ദാക്കി. ഇന്ന് നടക്കാനിരുന്ന വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് കോടതിയുടെ ഈ നിർണ്ണായക ഉത്തരവ് വന്നത്. ഇതോടെ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് നടപടികൾ പൂർണ്ണമായും റദ്ദാക്കപ്പെട്ടു.

തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 16-ന് പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ജസ്റ്റിസുമാരായ വാൽമീകി മെനെസസ്, അമിത് ജാംസന്ദേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഒരു വർഷത്തിൽ താഴെ മാത്രം ബാക്കിയുള്ളപ്പോൾ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലെന്ന ജനപ്രാതിനിധ്യ നിയമത്തിലെ (Representation of the People Act) വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഗോവ നിയമസഭയുടെ കാലാവധി 2027 മാർച്ച് 14-ന് അവസാനിക്കും. നിലവിൽ തിരഞ്ഞെടുക്കപ്പെടുന്ന എം.എൽ.എയ്ക്ക് ഒരു വർഷത്തിൽ താഴെ (ഏകദേശം 9 മാസം) മാത്രമേ കാലാവധി ലഭിക്കൂ എന്നതിനാൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാമെന്ന് കോടതി വ്യക്തമാക്കി.

പോണ്ട മണ്ഡലത്തിലെ വോട്ടർമാരായ പ്രീതം ഹർമൽക്കർ, അങ്കിത കാമത്ത് എന്നിവരാണ് വിജ്ഞാപനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. പുതിയ അംഗത്തിന് കുറഞ്ഞത് ഒരു വർഷമെങ്കിലും കാലാവധി ലഭിക്കുമെങ്കിൽ മാത്രമേ ഉപതിരഞ്ഞെടുപ്പ് നടത്താവൂ എന്നായിരുന്നു ഇവരുടെ വാദം.കോടതി ഉത്തരവ് അപ്രതീക്ഷിതമാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പ്രതികരിച്ചു. അതേസമയം, ബി.ജെ.പി പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് ഇത്തരമൊരു നീക്കമുണ്ടായതെന്ന് കോൺഗ്രസ് ആരോപിച്ചു.

മുൻ ഗോവ മുഖ്യമന്ത്രിയും കൃഷിമന്ത്രിയുമായിരുന്ന രവി നായിക്കിന്റെ നിര്യാണത്തെത്തുടർന്നാണ് പോണ്ടയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.​വോട്ടെടുപ്പിനായി പോളിംഗ് ഉദ്യോഗസ്ഥരും സുരക്ഷാ സേനയും മണ്ഡലത്തിൽ എത്തിയ ശേഷമാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്. കോടതിയുടെ ഈ ഇടപെടൽ വരാനിരിക്കുന്ന മറ്റ് ഉപതിരഞ്ഞെടുപ്പുകളിലും ചർച്ചയായേക്കും.

Leave a Reply

Your email address will not be published. Required fields are marked *