അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ്: വോട്ടിംഗ് പുരോഗമിക്കുന്നു; മികച്ച പോളിംഗ്

ന്യൂഡൽഹി: കേരളത്തിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസമിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം (രാവിലെ 11 മണി വരെ), അസമിൽ 39 ശതമാനവും പുതുച്ചേരിയിൽ 37 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപിഅസമിലെ 126 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് മൂന്നാം തവണയും അധികാരം നിലനിർത്താനാണ് ബിജെപി ശ്രമിക്കുന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ബിജെപി ക്യാമ്പയിന് നേതൃത്വം നൽകുന്നത്. അദ്ദേഹം ജലുക്ബാരി മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നു. കോൺഗ്രസ് പക്ഷത്ത് ഗൗരവ് ഗൊഗോയ് ആണ് പ്രധാന താരം. ഗൊഗോയ് ജോർഹട്ടിൽ നിന്നാണ് മത്സരിക്കുന്നത്. ആകെ 2.5 കോടി വോട്ടർമാരുള്ള സംസ്ഥാനത്ത് 722 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. കോൺഗ്രസ് 99 സീറ്റുകളിലും ബിജെപി 90 സീറ്റുകളിലും മത്സരിക്കുമ്പോൾ, എഐയുഡിഎഫ് 30 മണ്ഡലങ്ങളിൽ ഒറ്റയ്ക്ക് ജനവിധി തേടുന്നു.

ഇഞ്ചോടിഞ്ച് പോരാട്ടംപുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. എൻ.ആർ കോൺഗ്രസ് അധ്യക്ഷൻ എൻ. രംഗസ്വാമി അഞ്ചാം തവണയും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് പടക്കളത്തിലുള്ളത്. എൻ.ആർ കോൺഗ്രസ്, ബിജെപി, അണ്ണാഡിഎംകെ എന്നിവർ ഉൾപ്പെട്ട എൻഡിഎ സഖ്യവും കോൺഗ്രസ് നേതൃത്വം നൽകുന്ന ഡിഎംകെ-വിസികെ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. ഡിഎംകെയ്ക്ക് നൽകിയ സീറ്റുകളിൽ കോൺഗ്രസ് വിമതർ മത്സരിക്കുന്നത് പ്രതിപക്ഷ സഖ്യത്തിൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. 16 എംഎൽഎമാരുടെ പിന്തുണയാണ് പുതുച്ചേരിയിൽ ഭരണം പിടിക്കാൻ ആവശ്യമായ കേവല ഭൂരിപക്ഷം.

രണ്ടിടങ്ങളിലും എൻഡിഎ ഭരണത്തിലാണ് നിലവിലുള്ളത്. ഭരണത്തുടർച്ചയുണ്ടാകുമോ അതോ അട്ടിമറി നടക്കുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. ഒരിടവേളയ്ക്ക് ശേഷം ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *