ന്യൂഡൽഹി/ബെയ്റൂട്ട്: പശ്ചിമേഷ്യയിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ കരാർ നടപ്പിലായി മണിക്കൂറുകൾക്കകം വലിയ പ്രതിസന്ധിയിലായി. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനെത്തുടർന്ന് തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു. ഇതോടെ ആഗോള എണ്ണ വിപണിയും മേഖലയിലെ സമാധാനശ്രമങ്ങളും വീണ്ടും ആശങ്കയിലായിരിക്കുകയാണ്അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ രൂപീകരിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന് വിള്ളലേറ്റതായാണ് റിപ്പോർട്ടുകൾ.
കരാറിന്റെ ഭാഗമായി ഹോർമുസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാൻ സമ്മതിച്ചിരുന്നു. എന്നാൽ, ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം ശക്തമാക്കിയത് കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിക്കുന്നു.ലെബനനിലെ ബെയ്റൂട്ട്, ബെഖാ വാലി എന്നിവിടങ്ങളിലായി നൂറിലധികം ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ ശക്തമായ മിസൈൽ ആക്രമണം നടത്തി. ഇതിൽ 180-ലധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം.
ഇസ്രയേലിന്റെ ആക്രമണം വെടിനിർത്തൽ കരാറിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് പ്രസ്താവിച്ചു. ഇതിന് മറുപടിയായാണ് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം ഇറാൻ തടഞ്ഞത്. കടലിടുക്കിൽ മൈനുകൾ വിതറിയിട്ടുണ്ടാകാമെന്ന ഭീഷണിയെത്തുടർന്ന് കപ്പലുകൾക്ക് ഇറാൻ ബദൽ പാതകൾ നിർദ്ദേശിച്ചിട്ടുണ്ട്.
ഇറാനുമായുള്ള കരാറിൽ ലെബനൻ ഉൾപ്പെടുന്നില്ലെന്നും ഹിസ്ബുള്ളയ്ക്കെതിരായ നീക്കം തുടരുമെന്നുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും നിലപാട്. ലെബനനിലെ സംഘർഷം ഒരു “പ്രത്യേക ഏറ്റുമുട്ടൽ” (separate skirmish) മാത്രമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു.
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് അടച്ചത് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.ഐക്യരാഷ്ട്രസഭയും ചൈനയും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ശക്തികൾ മേഖലയിലെ വർധിച്ചുവരുന്ന സംഘർഷത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ലെബനന്റെ പരമാധികാരം സംരക്ഷിക്കപ്പെടണമെന്നും സമാധാന ശ്രമങ്ങൾ തുടരണമെന്നും അവർ ആവശ്യപ്പെട്ടു.

