ഓസ്‌ട്രേലിയയിൽ ഭീതിവിതച്ച് ‘സൂപ്പർ-കെ’ ഫ്ലൂ പടരുന്നു; അതീവ ജാഗ്രതാനിർദ്ദേശം

മെൽബൺ: ഓസ്‌ട്രേലിയയിൽ അതിവേഗം പടരുന്ന ‘സൂപ്പർ-കെ’ (Super-K) എന്ന പുതിയ ഇൻഫ്ലുവൻസ വൈറസ് വകഭേദം കനത്ത ആശങ്കയുയർത്തുന്നു. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയയിലുമെത്തിയ ഈ വൈറസ് ഇതിനകം തന്നെ രാജ്യത്ത് നിരവധി മരണങ്ങൾക്ക് കാരണമായതായാണ് റിപ്പോർട്ടുകൾ. ശൈത്യകാലത്തിന് മുൻപേ തന്നെ ഇൻഫ്ലുവൻസ കേസുകൾ വലിയ തോതിൽ വർദ്ധിക്കുന്നത് വരാനിരിക്കുന്ന ഒരു ‘ഹൊറർ ഫ്ലൂ’ സീസണിന്റെ സൂചനയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

വൈറസ് വ്യാപനം കണക്കിലെടുത്ത് വാർഷിക ഫ്ലൂ വാക്സിനുകൾ അടിയന്തരമായി സ്വീകരിക്കണമെന്ന് റോയൽ ഓസ്‌ട്രേലിയൻ കോളേജ് ഓഫ് ജിപി (RACGP) ജനങ്ങളോട് നിർദ്ദേശിച്ചു. മുൻ വർഷങ്ങളിലെ വകഭേദങ്ങളെ അപേക്ഷിച്ച് സൂപ്പർ-കെ വൈറസ് അതിവേഗം പടരുന്ന ഒന്നാണെന്നും 2026-ന്റെ തുടക്കത്തിൽ തന്നെ മരണനിരക്കിൽ വർദ്ധനവുണ്ടായതായും ബൂപ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. നിക് വുഡ്സ് വ്യക്തമാക്കി. കുട്ടികൾക്കും മുതിർന്നവർക്കും ഈ വൈറസ് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും ലക്ഷണങ്ങൾ സാധാരണ ഇൻഫ്ലുവൻസയ്ക്ക് സമാനമാണ്. പെട്ടെന്നുണ്ടാകുന്ന ചുമ, തൊണ്ടവേദന, തലവേദന, പനി, വിറയൽ, കഠിനമായ ക്ഷീണം, ശരീരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ലക്ഷണങ്ങൾ പ്രകടമാകുന്നതിന് ഒരു ദിവസം മുൻപ് തന്നെ രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരാൻ സാധ്യതയുണ്ട്. മുതിർന്നവരിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെയും കുട്ടികളിൽ പത്ത് ദിവസം വരെയും രോഗം പകരാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.

വൈറസ് അതിവേഗം പടരുമെങ്കിലും ഓരോ ബാധയിലും രോഗം എത്രത്തോളം തീവ്രമാകുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ മുൻകാലങ്ങളിൽ H3N2 വിഭാഗത്തിൽപ്പെട്ട വൈറസുകൾ ജനസംഖ്യയിൽ വലിയ ആഘാതമുണ്ടാക്കിയ ചരിത്രമുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് സി.എസ്.ഐ.ആർ.ഒ (CSIRO) റിപ്പോർട്ട് ചെയ്യുന്നു. വാക്സിനേഷൻ എടുക്കുന്നതിലൂടെ രോഗസാധ്യതയും തീവ്രതയും ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *