മെൽബൺ: ഫേസ്‌ബുക്ക് മാർക്കറ്റ് പ്ലേസ് പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി സാധനങ്ങൾ വിൽക്കുന്നവരെ ലക്ഷ്യമിട്ട് നടത്തുന്ന നൂതന സൈബർ തട്ടിപ്പുകൾക്കെതിരെ ഓസ്‌ട്രേലിയ പോസ്റ്റ് കനത്ത ജാഗ്രതാനിർദ്ദേശം നൽകി. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓൺലൈൻ വിപണികളിൽ ഓസ്‌ട്രേലിയക്കാർ ചിലവഴിച്ചത് 18.9 ബില്യൺ ഡോളറാണെന്ന കണക്കുകൾ പുറത്തുവരുന്നതിനിടെയാണ്, വിൽപനക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ ശൂന്യമാക്കുന്ന തട്ടിപ്പ് സംഘങ്ങൾ സജീവമായിരിക്കുന്നത്.
വിൽപനയ്ക്കായി വച്ചിരിക്കുന്ന ഉൽപ്പന്നങ്ങളിൽ അതീവ താൽപ്പര്യം പ്രകടിപ്പിച്ച് എത്തുന്ന വ്യാജ വാങ്ങലുകാരാണ് (Buyers) ഈ തട്ടിപ്പിന് പിന്നിൽ. സാധനം നേരിട്ട് വന്ന് കൈപ്പറ്റുന്നതിന് പകരം, പേയ്‌മെന്റും ഡെലിവറിയും എളുപ്പമാക്കാൻ എന്ന വ്യാജേന ഇവർ വിൽപനക്കാർക്ക് മെസഞ്ചർ വഴി ലിങ്കുകളോ ക്യുആർ കോഡുകളോ അയച്ചുനൽകും. ഇത് ഓസ്‌ട്രേലിയ പോസ്റ്റിന്റെ ഔദ്യോഗിക ‘കൊറിയർ സർവീസ്’ ആണെന്നാണ് ഇവർ അവകാശപ്പെടുന്നത്.
എന്നാൽ, ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താക്കൾ എത്തുന്നത് ഓസ്‌ട്രേലിയ പോസ്റ്റിന്റെ വെബ്‌സൈറ്റിന് സമാനമായി രൂപകൽപ്പന ചെയ്ത വ്യാജ വെബ്‌സൈറ്റുകളിലാണ്. ഇവിടെ നൽകുന്ന വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിമിഷങ്ങൾക്കുള്ളിൽ തട്ടിപ്പുകാർ കൈക്കലാക്കുന്നു. ഓസ്‌ട്രേലിയ പോസ്റ്റ് ഒരിക്കലും ഫേസ്‌ബുക്ക് മാർക്കറ്റ് പ്ലേസുമായി ചേർന്ന് പണമിടപാടുകൾ നടത്തുകയോ കൊറിയർ സേവനം നൽകുകയോ ചെയ്യുന്നില്ലെന്ന് ചീഫ് ഇൻഫർമേഷൻ ഓഫീസർ ആദം കാർട്ട്‌റൈറ്റ് വ്യക്തമാക്കി.
ഈ വർഷം മാത്രം ഏകദേശം 2,500-ലധികം ഓസ്‌ട്രേലിയക്കാരാണ് ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ഓസ്‌ട്രേലിയ പോസ്റ്റിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിജിറ്റൽ ഷിപ്പിംഗ് സൗകര്യങ്ങളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്ത സാധാരണക്കാരെയാണ് തട്ടിപ്പുകാർ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. അപരിചിതർ അയക്കുന്ന സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും ഔദ്യോഗിക സംവിധാനങ്ങളിലൂടെ അല്ലാതെ പണമിടപാടുകൾ നടത്തരുതെന്നും അധികൃതർ കർശന നിർദ്ദേശം നൽകി

