ബ്രിസ്ബേൻ: ഇറാൻ-യുഎസ് വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, ഓസ്‌ട്രേലിയയിലെ പെട്രോൾ പമ്പുകളിൽ ഇതിന്റെ ഗുണം ഉടൻ പ്രതിഫലിക്കില്ലെന്ന് മുന്നറിയിപ്പ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഒറ്റരാത്രികൊണ്ട് 13.3 ശതമാനം ഇടിഞ്ഞ് ബാരലിന് 94.75 യുഎസ് ഡോളറിലെത്തി. യുദ്ധഭീതി നിലനിന്ന സമയത്ത് ഇത് 119 ഡോളർ വരെ ഉയർന്നിരുന്നു.
ആഗോള വിപണിയിൽ വില കുറഞ്ഞത് വാഹന ഉടമകൾക്ക് ആശ്വാസകരമായ വാർത്തയാണെങ്കിലും, ഓസ്‌ട്രേലിയയിലെ സർവീസ് സ്റ്റേഷനുകളിൽ വില കുറയാൻ സമയമെടുക്കുമെന്ന് എൻ.ആർ.എം.എ (NRMA) വക്താവ് പീറ്റർ ഖൗറി പറഞ്ഞു. സാധാരണയായി അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ ഓസ്‌ട്രേലിയയിലെ റീട്ടെയിൽ വിലയിൽ പ്രതിഫലിക്കാൻ ഏഴ് മുതൽ പത്ത് ദിവസം വരെ എടുക്കാറുണ്ട്. എന്നാൽ യുദ്ധത്തിന്റെ തുടക്കത്തിൽ വില കുത്തനെ ഉയർന്ന വേഗതയിൽ തന്നെ ഇപ്പോൾ കുറയ്ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതും വീണ്ടും തുറക്കുന്നതും വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ എണ്ണവിലയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുമെന്ന് സ്വിൻബേൺ സർവകലാശാലയിലെ ട്രാൻസ്പോർട്ട് വിദഗ്ധൻ പ്രൊഫസർ ഹുസൈൻ ഡിയ മുന്നറിയിപ്പ് നൽകി. വിപണിയിലെ ഈ സാഹചര്യം മുൻനിർത്തി പെട്രോൾ വില കുറയാൻ ഇനിയും സമയമെടുത്തേക്കുമെന്ന് വിദേശകാര്യ മന്ത്രി പെണ്ണി വോങ്ങും വ്യക്തമാക്കി.
അതേസമയം, രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പാക്കാൻ പ്രമുഖ ഇന്ധന വിതരണക്കാർക്ക് കൂടുതൽ സ്റ്റോക്ക് എത്തിക്കുന്നതിനായി എക്‌സ്‌പോർട്ട് ഫിനാൻസ് ഓസ്‌ട്രേലിയയുമായി ധാരണയിലെത്തിയതായി പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു. ഓസ്‌ട്രേലിയയിലേക്ക് കൂടുതൽ ഇന്ധനം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന വിതരണ സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി ഉടൻ തന്നെ സിംഗപ്പൂരിലേക്ക് തിരിക്കും. ഓസ്‌ട്രേലിയയുടെ പ്രധാന ഇന്ധന വിതരണ കേന്ദ്രങ്ങളിൽ ഒന്നാണ് സിംഗപ്പൂർ.

