സിഡ്നി: സിഡ്നിയിലെ ബാങ്ക്സ്ടൗൺ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ തടവ് പുള്ളിയായ മൈക്കൽ അംഗോക് (30) രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 9.30-ഓടെയാണ് സംഭവം. വില്ലാവുഡ് ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിൽ നിന്നും ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ച ഇയാൾ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു. 30 മണിക്കൂറിലധികമായി ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
2014-ൽ സിഡ്നിയിലെ ഡൂൺസൈഡിൽ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് മൈക്കൽ അംഗോക്. കഴിഞ്ഞ ഒൻപത് വർഷമായി വില്ലാവുഡ് ഡിറ്റൻഷൻ സെന്ററിൽ കഴിയുകയായിരുന്നു ഇയാൾ. പ്രതിയെ പിടികൂടാനായി വലിയ തോതിലുള്ള പോലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ടെന്ന് എൻ.എസ്.ഡബ്ല്യു പോലീസ് ഡിറ്റക്ടീവ് സൂപ്രണ്ട് ബ്രെറ്റ് വാൻ അക്കർ അറിയിച്ചു. ഇയാൾ പോലീസിന് നന്നായി അറിയാവുന്ന കുറ്റവാളിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിയുടെ പേഴ്സണൽ സാധനങ്ങൾ കോണ്ടൽ പാർക്കിലെ ഗല്ലിപ്പോളി റോഡിൽ നിന്നും പോലീസ് കണ്ടെടുത്തു. ഏകദേശം 175-180 സെന്റീമീറ്റർ ഉയരമുള്ള ഇയാൾ ആഫ്രിക്കൻ വംശജനാണ്. മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇയാൾക്ക് കറുത്ത ചെറിയ മുടിയാണുള്ളത്. കറുത്ത ഹൂഡി ജംപറും ഗ്രേ നിറത്തിലുള്ള ട്രാക്ക് പാന്റ്സും വെള്ള ക്രോക്സ് ചെരുപ്പുമായിരുന്നു രക്ഷപ്പെടുമ്പോൾ ഇയാളുടെ വേഷം. ബ്ലാക്ക്ടൗൺ മേഖലയിൽ നേരത്തെ താമസിച്ചിരുന്ന ഇയാൾ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നു. പ്രതിയെ കാണുന്നവർ യാതൊരു കാരണവശാലും അടുത്തേക്ക് പോകരുതെന്നും ഉടനടി ട്രിപ്പിൾ സീറോ (000) എന്ന നമ്പറിൽ പോലീസിനെ വിവരമറിയിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി.

