ടെഹ്റാൻ: ലബനനിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണങ്ങൾ അമേരിക്ക-ഇറാൻ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ. ഇസ്രയേലിന്റെ നടപടി നിലവിലുള്ള വെടിനിർത്തൽ ധാരണകൾ തകരാൻ ഇടയാക്കുമെന്ന് ഇറാന്റെ വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി സയീദ് ഖത്തീബ്സാദെ മുന്നറിയിപ്പ് നൽകി. ബിബിസിയോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിൽ ലബനനും ഉൾപ്പെടുന്നുണ്ടെന്ന് ഖത്തീബ്സാദെ അവകാശപ്പെട്ടു. വെടിനിർത്തൽ വേണോ അതോ യുദ്ധം തുടരണമോ എന്ന കാര്യത്തിൽ അമേരിക്ക വ്യക്തമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിസ്ബുള്ള വെടിനിർത്തൽ കരാർ പാലിക്കുന്നുണ്ടെന്നും എന്നാൽ ഇസ്രയേൽ അത് ലംഘിക്കുകയാണെന്നുമാണ് ഇറാന്റെ നിലപാട്.അമേരിക്ക-ഇറാൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇരുനൂറിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. എന്നാൽ, ഈ വെടിനിർത്തൽ കരാറിൽ ലബനൻ ഉൾപ്പെടുന്നില്ലെന്നും അതിനാൽ തങ്ങളുടെ സൈനിക നടപടികൾ തുടരുമെന്നുമാണ് ഇസ്രയേലിന്റെ നിലപാട്. ഇസ്രയേലിന്റെ ഈ നിലപാട് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന സന്ദേശം ഇറാൻ അമേരിക്കയ്ക്ക് കൈമാറിയിട്ടുണ്ട്.
ലബനനിലെ ഇസ്രയേൽ ആക്രമണം: വെടിനിർത്തൽ കരാർ തകരാമെന്ന് ഇറാൻ

