യുദ്ധമൊഴിയുമോ? ലെബനനുമായി സമാധാന ചർച്ചക്ക് സന്നദ്ധത അറിയിച്ച് ഇസ്രായേൽ

വാഷിംഗ്ടൺ: ലെബനനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് താൻ തയ്യാറാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. വാഷിംഗ്ടണിൽ നടന്ന നിർണായകമായ കൂടിക്കാഴ്ചകൾക്ക് ശേഷമാണ് നെതന്യാഹു ഈ സന്നദ്ധത അറിയിച്ചത്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക ചുവടുവെപ്പായാണ് അന്താരാഷ്ട്ര സമൂഹം ഇതിനെ വീക്ഷിക്കുന്നത്.​അമേരിക്കൻ ഭരണകൂടത്തിന്റെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇസ്രയേൽ പ്രധാനമന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. ലെബനൻ അതിർത്തിയിലെ സുരക്ഷാ ഭീഷണികൾ പൂർണ്ണമായും നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാകും ചർച്ചകൾ. ഹിസ്ബുള്ളയെ നിരായുധീകരിക്കുകയും ലെബനൻ അതിർത്തിയിൽ ഇസ്രയേൽ പൗരന്മാർക്ക് സുരക്ഷിതമായി താമസിക്കാനുള്ള സാഹചര്യം ഒരുക്കുകയുമാണ് ഇസ്രയേലിന്റെ പ്രധാന ലക്ഷ്യം.​നേരിട്ടുള്ള ചർച്ചകൾക്ക് ഇസ്രയേൽ സന്നദ്ധമാണെങ്കിലും ചില നിബന്ധനകൾ മുൻപോട്ടു വെച്ചിട്ടുണ്ട്. സമാധാന കരാർ ലംഘിക്കപ്പെട്ടാൽ തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടായിരിക്കണമെന്നതാണ് ഇതിൽ പ്രധാനം. വാഷിംഗ്ടണിലെ ചർച്ചകൾക്ക് പിന്നാലെ ലെബനൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ലോകരാജ്യങ്ങൾ. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ലഘൂകരിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് യു.എസ് പ്രതീക്ഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *