ശബരിമലയിലെ സ്ത്രീപ്രവേശനം: ലിംഗവിവേചനമല്ലെന്ന് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലിംഗവിവേചനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും ഭാഗമായുള്ള ഇത്തരം നിയന്ത്രണങ്ങൾ പുരുഷാധിപത്യത്തിന്റെയോ വിവേചനത്തിന്റെയോ അടയാളമായി കാണാനാവില്ലെന്ന് കേന്ദ്ര സർക്കാർ ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കി.

ശബരിമലയിലെ നിയന്ത്രണങ്ങൾ കേവലം ലിംഗവിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. രാജ്യത്തെ വിവിധ ക്ഷേത്രങ്ങളിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക നിയന്ത്രണങ്ങളുണ്ട്. വിശ്വാസപരമായ പ്രത്യേകതകൾ കാരണമാണിതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളും ഇന്ത്യയിലുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പുരുഷ പുരോഹിതന്മാർ സ്ത്രീ ഭക്തരുടെ പാദം കഴുകുന്ന ചടങ്ങുകളുള്ള ക്ഷേത്രങ്ങളും വിവാഹിതരായ പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത പുഷ്കർ ക്ഷേത്രവും ഉദാഹരണമായി നിരത്തി. പുരുഷന്മാർ സ്ത്രീ വേഷം കെട്ടി വ്രതം നോൽക്കുന്ന കേരളത്തിലെ കൊറ്റൻകുളങ്ങര ക്ഷേത്രത്തിലെ ആചാരവും കോടതിയിൽ പരാമർശിക്കപ്പെട്ടു.

ഭരണഘടനാപരമായ ധാർമ്മികതയേക്കാൾ (Constitutional Morality) മതപരമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും മുൻഗണന നൽകണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണ് നിലവിൽ ശബരിമല കേസുമായി ബന്ധപ്പെട്ട വിശാലമായ ഭരണഘടനാ ചോദ്യങ്ങൾ പരിഗണിക്കുന്നത്. മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള സുപ്രധാന ചർച്ചകൾ വരും ദിവസങ്ങളിലും കോടതിയിൽ തുടരും.

Leave a Reply

Your email address will not be published. Required fields are marked *