കൊച്ചി: യുവനടിയുടെ പരാതിയിൽ ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.
ജനുവരിയിൽ സിനിമ ഷൂട്ടിങ്ങിനിടെ ഫോർട്ട് കൊച്ചിയിലെ കാരവാനിൽ വെച്ച് രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്ന യുവനടിയുടെ പരാതിയിലാണ് മാർച്ച് 31-ന് പോലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.കേസ് കെട്ടിച്ചമച്ചതാണെന്നും താൻ നിരപരാധിയാണെന്നുമാണ് രഞ്ജിത്തിന്റെ വാദം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, ഗൗരവകരമായ കുറ്റകൃത്യമാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തു.
കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കസ്റ്റഡിയിൽ വിട്ട രഞ്ജിത്തിനെ തെളിവെടുപ്പിന് ശേഷം തിരികെ കോടതിയിൽ ഹാജരാക്കിയിരുന്നു. വിശദമായ വാദം കേട്ട ശേഷം കോടതി വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

