ജനവിധി പെട്ടിയിലായി; എൽഡിഎഫിന് ഭരണത്തുടർച്ച, യുഡിഎഫിന് നൂറിലധികം, തൂക്കുസഭയെന്ന് ബിജെപി

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതോടെ വിജയപ്രതീക്ഷയിൽ വലിയ അവകാശവാദങ്ങളുമായി രാഷ്ട്രീയ മുന്നണികൾ. റെക്കോർഡ് പോളിംഗ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ നേതൃത്വങ്ങൾ ഒരേപോലെ അവകാശപ്പെടുന്നത്.

സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് ഇടതുമുന്നണിയുടെ ഉറച്ച വിശ്വാസം. വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരം വോട്ടായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികരിച്ചു. വികസനത്തിന് തുടർച്ചയുണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.

വലിയ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അവകാശപ്പെട്ടു. ജനങ്ങൾ മാറ്റത്തിന് വോട്ട് ചെയ്തുവെന്നും “ബൈ ബൈ പിണറായി” എന്ന് ജനങ്ങൾ പറഞ്ഞുവെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു

ഇത്തവണ കേരളത്തിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. എൻ.ഡി.എയുടെ പ്രകടനം നിർണ്ണായകമാകുമെന്നും അക്കൗണ്ട് തുറക്കുന്നതിനപ്പുറം പല മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവെക്കാൻ സാധിച്ചതായും ബി.ജെ.പി നേതൃത്വം കരുതുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം കണ്ട ആവേശം പോളിംഗ് ബൂത്തുകളിലും ദൃശ്യമായത് തങ്ങളുടെ വിജയസാധ്യത വർധിപ്പിക്കുമെന്നാണ് ഓരോ മുന്നണിയും കണക്കുകൂട്ടുന്നത്. വോട്ടെണ്ണൽ ഫലം പുറത്തുവരുന്നത് വരെ ഈ രാഷ്ട്രീയ അവകാശവാദങ്ങൾ തുടരും.

Leave a Reply

Your email address will not be published. Required fields are marked *