ഓസ്‌ട്രേലിയയിൽ കാലാവസ്ഥാ മാറ്റം; കൊടുംചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും

സിഡ്നി: ഓസ്‌ട്രേലിയയുടെ തെക്കൻ, കിഴക്കൻ മേഖലകളിൽ ഒരേസമയം കൊടുംചൂടും ശൈത്യകാലത്തിന് സമാനമായ തണുപ്പും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലുള്ള കാറ്റും ചിലയിടങ്ങളിൽ 40 ഡിഗ്രിയോളം എത്തുന്ന ചൂടും ഉൾപ്പെടെ സമ്മിശ്രമായ കാലാവസ്ഥയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സതേൺ ഓഷ്യനിലെ ശക്തമായ ന്യൂനമർദ്ദമാണ് ഈ അപ്രതീക്ഷിത മാറ്റങ്ങൾക്ക് പിന്നിലെന്ന് വെതർസോൺ അറിയിച്ചു.

താസ്മാനിയയിലാണ് ശൈത്യകാലത്തിന് സമാനമായ മാറ്റം ആദ്യം അനുഭവപ്പെട്ടത്. ഇവിടെ താപനില 17 ഡിഗ്രിയാണെങ്കിലും കാറ്റും തണുപ്പും കാരണം 10 ഡിഗ്രിക്ക് താഴെയുള്ള തണുപ്പാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും പടിഞ്ഞാറൻ മേഖലകളിൽ ആലിപ്പഴ വർഷത്തിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. വരും മണിക്കൂറുകളിൽ വിക്ടോറിയ, സതേൺ ന്യൂ സൗത്ത് വെയ്ൽസ് എന്നിവിടങ്ങളിലും സമാനമായ തണുപ്പ് അനുഭവപ്പെടും. വിക്ടോറിയയിലെ ആൽപൈൻ മേഖലകളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേസമയം, ഈസ്റ്റ് ന്യൂ സൗത്ത് വെയ്ൽസിലും സൗത്ത്-ഈസ്റ്റ് ക്വീൻസ്‌ലൻഡിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ബ്രിസ്‌ബേനിൽ താപനില 30 ഡിഗ്രി വരെയും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 37 ഡിഗ്രി വരെയുമാണ് പ്രതീക്ഷിക്കുന്നത്. സിഡ്‌നിയുടെ മധ്യഭാഗങ്ങളിൽ 33 ഡിഗ്രിയും പടിഞ്ഞാറൻ ഭാഗങ്ങളിൽ 35 ഡിഗ്രിയും ചൂട് രേഖപ്പെടുത്തിയേക്കാം. ന്യൂ സൗത്ത് വെയ്ൽസിന്റെ വടക്ക്-പടിഞ്ഞാറൻ മേഖലകളിലെ ബർക്ക് പോലുള്ള ഇടങ്ങളിൽ താപനില 39 ഡിഗ്രി വരെ ഉയർന്നേക്കും.

മുന്നറിയിപ്പുകൾ പ്രകാരം, വിക്ടോറിയയിലെയും ന്യൂ സൗത്ത് വെയ്ൽസിലെയും മലയോര മേഖലകളിലും താസ്മാനിയയിലെ ഉയർന്ന പ്രദേശങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകും. ന്യൂ സൗത്ത് വെയ്ൽസിലെ കടുത്ത ചൂട് നാളെയോടെ അവസാനിക്കുമെന്നും തണുത്ത വായു വടക്കോട്ട് നീങ്ങുന്നതോടെ താപനില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *