ക്യാൻബറ: ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്വീകരിക്കുന്ന പ്രവചനാതീതമായ നിലപാടുകളിൽ ആശങ്ക രേഖപ്പെടുത്തി ഓസ്ട്രേലിയൻ സർക്കാർ. ട്രംപിന്റെ പരസ്യപ്രതികരണങ്ങൾ ആശങ്കാജനകമാണെന്നും അമേരിക്കയുമായുള്ള ബന്ധം തുടരുമ്പോൾ തന്നെ മറ്റ് രാജ്യങ്ങളുമായുള്ള പങ്കാളിത്തം വൈവിധ്യവൽക്കരിക്കാനാണ് ഓസ്ട്രേലിയ ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രി പെണ്ണി വോങ്ങ് വ്യക്തമാക്കി.
പ്രസിഡന്റ് ട്രംപിന്റെ കീഴിലുള്ള അമേരിക്ക കൂടുതൽ പ്രവചനാതീതമാകുമെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ തെക്കുകിഴക്കൻ ഏഷ്യ, പസഫിക് രാജ്യങ്ങൾ, കാനഡ, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവരുമായുള്ള സഹകരണം ഓസ്ട്രേലിയ വർദ്ധിപ്പിക്കുകയാണെന്ന് വോങ്ങ് പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ആന്തണി അൽബാനിസി ഇന്ന് സിംഗപ്പൂർ സന്ദർശിക്കും. പെട്രോൾ, ഡീസൽ, എൽഎൻജി തുടങ്ങിയ അത്യാവശ്യ സാധനങ്ങളുടെ വിതരണം ഉറപ്പാക്കാനും വ്യാപാരബന്ധം ശക്തമാക്കാനുമാണ് സന്ദർശനം ലക്ഷ്യമിടുന്നത്.
ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഹൊസൈനി ഖമേനിയുടെ മരണത്തിനിടയാക്കിയ അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തെ അൽബാനിസി ആദ്യം പിന്തുണച്ചിരുന്നു. എന്നാൽ ട്രംപിന്റെ പുതിയ നിലപാടുകൾ ഓസ്ട്രേലിയയെ മാറ്റി ചിന്തിപ്പിക്കുകയാണ്. ഇറാനെ “ശിലായുഗത്തിലേക്ക്” തിരിച്ചയക്കുമെന്നും ഒരു “മുഴുവൻ നാഗരികതയും നശിപ്പിക്കപ്പെടുമെന്നും” ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ ഭീഷണി മുഴക്കിയിരുന്നു. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമാകുമെന്ന ട്രംപിന്റെ ഭാഷാപ്രയോഗത്തെ “അനുചിതവും അസാധാരണവും” എന്നാണ് അൽബാനിസി വിശേഷിപ്പിച്ചത്.
ഒരു നാഗരികതയെ നശിപ്പിക്കുമെന്ന് ആരും ഭീഷണിപ്പെടുത്താൻ പാടില്ലെന്ന് പെണ്ണി വോങ്ങ് പ്രതികരിച്ചു. യുദ്ധത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെട്ടുവെന്നും ഇനി സംഘർഷം ലഘൂകരിക്കുകയാണ് വേണ്ടതെന്നും ഓസ്ട്രേലിയൻ സർക്കാർ ആവശ്യപ്പെട്ടു. ഗൾഫ് മേഖലയിൽ ഓസ്ട്രേലിയൻ സൈനിക ആസ്തികൾ നിലനിർത്താൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും, മധ്യേഷ്യയിൽ ആക്രമണാത്മകമായ നീക്കങ്ങളിൽ ഓസ്ട്രേലിയ പങ്കാളിയല്ലെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ട്രംപ് ഇറാനിലേക്ക് കരസേനയെ അയക്കാൻ ആലോചിക്കുന്ന പശ്ചാത്തലത്തിലാണ് ഓസ്ട്രേലിയ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയിരിക്കുന്നത്.

