മെൽബൺ: നൂറ് വർഷത്തിലേറെയായി മ്യൂസിയത്തിലെ ഡ്രോയറിൽ പൊടിപിടിച്ചു കിടന്നിരുന്ന ഭീമൻ എക്കിഡ്നയുടെ അപൂർവ്വ ഫോസിൽ ശാസ്ത്രജ്ഞർ പുനഃപരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മെൽബൺ മ്യൂസിയത്തിലെ പാലിയെന്റോളജിസ്റ്റ് ടിം സീഗ്ലർ 2021-ൽ തിരിച്ചറിയപ്പെടാത്ത ഫോസിലുകൾക്കിടയിൽ നടത്തിയ തിരച്ചിലിനിടെയാണ് ഈ ചരിത്രപരമായ കണ്ടെത്തൽ നടത്തിയത്.
1907-ൽ മ്യൂസിയം ഓഫീസറായിരുന്ന ഫ്രാങ്ക് സ്പ്രി ഈസ്റ്റ് ഗിപ്സ്ലാന്റിലെ ബുക്കാനടുത്തുള്ള ‘ഫൗൾ എയർ കേവ്’ എന്ന ഗുഹയിൽ നിന്നാണ് ഈ ഫോസിൽ ആദ്യമായി കണ്ടെത്തിയത്. അത്യധികം ഈർപ്പമുള്ളതും ചെളി നിറഞ്ഞതുമായ ഗുഹയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയ ഈ അസ്ഥിഭാഗം പിന്നീട് തിരിച്ചറിയപ്പെടാതെ മ്യൂസിയം ശേഖരത്തിൽ അവശേഷിക്കുകയായിരുന്നു. അഞ്ചു വർഷത്തോളം നീണ്ട ഗവേഷണങ്ങൾക്കും ഓസ്ട്രേലിയയിലുടനീളമുള്ള മ്യൂസിയം ശേഖരങ്ങളിലെ എക്കിഡ്ന അസ്ഥികൂടങ്ങളുമായുള്ള താരതമ്യ പഠനങ്ങൾക്കും ശേഷമാണ് ഇത് ഐസ് ഏജ് കാലഘട്ടത്തിലെ ഭീമൻ എക്കിഡ്നയുടേതാണെന്ന് സ്ഥിരീകരിച്ചത്.

വിക്ടോറിയ സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്തരമൊരു വർഗ്ഗത്തെ കണ്ടെത്തുന്നത്. ഏകദേശം പത്ത് ലക്ഷം വർഷം പഴക്കമുള്ളതാണ് ഈ ഫോസിൽ എന്ന് കരുതപ്പെടുന്നു. ‘മെഗാലിബ്ഗ്വിലിയ ഓവാനി’ (Megalibgwilia owenii) എന്ന് പേരിട്ടിരിക്കുന്ന ഈ ഭീമൻ വർഗ്ഗത്തിന് ഇന്നത്തെ എക്കിഡ്നകളിൽ നിന്നും വലിയ വ്യത്യാസങ്ങളുണ്ട്. നിലവിലെ എക്കിഡ്നകൾക്ക് ചെറിയ മൂക്കാണെങ്കിൽ, ഇവയ്ക്ക് നീളമേറിയ മൂക്കും ഏകദേശം ഒരു മീറ്റർ നീളവും 16 കിലോയോളം ഭാരവുമുണ്ടായിരുന്നു.
ഭക്ഷണരീതിയിലും ഇവ വ്യത്യസ്തരായിരുന്നു എന്നാണ് ഗവേഷകർ പറയുന്നത്. ഇന്നത്തെ എക്കിഡ്നകൾ ഉറുമ്പുകളെയും ചിതലുകളെയും ആഹാരമാക്കുമ്പോൾ, ഈ ഭീമൻ എക്കിഡ്നകൾ ഇരകളെ വേട്ടയാടിപ്പിടിക്കുന്ന സ്വഭാവക്കാരായിരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ പ്രാചീന ജീവജാലങ്ങളുടെ പട്ടികയിലേക്ക് ഈ ഭീമൻ എക്കിഡ്നയെ കൂടി ചേർക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് ടിം സീഗ്ലർ പറഞ്ഞു

