തൊടുപുഴ: കൈയേറ്റത്തിലൂടെ നഷ്ടപ്പെട്ട ക്ഷേത്രഭൂമി തിരിച്ചുപിടിക്കാൻ തൊണ്ടിക്കുഴ ശ്രീ അമൃതകലശ ശാസ്താ ക്ഷേത്ര ട്രസ്റ്റ് നടത്തിവന്ന 46 വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ വിജയം. കോടതി വിധിപ്രകാരം 64.25 സെന്റ് ഭൂമി തൊടുപുഴ താലൂക്ക് സർവേയറുടെയും കോടതി അമീന്റെയും സാന്നിധ്യത്തിൽ അളന്നു തിട്ടപ്പെടുത്തി ക്ഷേത്ര ഭരണസമിതിക്ക് കൈമാറി.
1981-ലാണ് ക്ഷേത്രഭൂമിയുമായി ബന്ധപ്പെട്ട തർക്കം ആരംഭിക്കുന്നത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ ഉൾപ്പെടുന്ന ഭാഗമൊഴികെ ബാക്കിയുള്ള ഭൂമി പലപ്പോഴായി കൈയേറ്റത്തിന് ഇരയാവുകയായിരുന്നു. ഇതേത്തുടർന്ന് ക്ഷേത്ര ഭരണസമിതി കോടതിയെ സമീപിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിലും മുൻസിഫ് കോടതിയിലുമായി ആരംഭിച്ച കേസ് പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമെത്തി. 1.22 ഏക്കർ സ്ഥലം ക്ഷേത്രത്തിന്റേതാണെന്ന് രേഖകൾ വ്യക്തമാക്കിയതോടെയാണ് നീണ്ട നിയമയുദ്ധത്തിനൊടുവിൽ വിധി ക്ഷേത്രത്തിന് അനുകൂലമായത്.
1989-ൽ അനുകൂല വിധി ഉണ്ടായെങ്കിലും എതിർകക്ഷികൾ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് നടപടികൾ നീണ്ടുപോയി. 1990-ൽ എം.വി.ഐ.പി കനാൽ വന്നതോടെ ക്ഷേത്രത്തിന്റെ 24.25 സെന്റ് ഭൂമി ഇതിനായി വിട്ടുനൽകേണ്ടി വന്നു. ബാക്കിയുള്ള ഭൂമിയിൽ നിന്നും 28.5 സെന്റ് സ്ഥലം എതിർകക്ഷികൾക്ക് താമസത്തിനായി വിട്ടുനൽകി. ശേഷിച്ച 64.25 സെന്റ് ഭൂമിയാണ് ഇപ്പോൾ ക്ഷേത്രത്തിന് തിരികെ ലഭിച്ചിരിക്കുന്നത്.
ചരിത്രപ്രസിദ്ധമായ തൊണ്ടിക്കുഴ ധർമ്മശാസ്താ ക്ഷേത്രം പുരാതന കാലത്ത് ചേരമാൻ പെരുമാളിന്റെ സൈനിക ആസ്ഥാനമായിരുന്നുവെന്ന് കരുതപ്പെടുന്നു. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരാധന മുടങ്ങിയ ക്ഷേത്രം പിന്നീട് തകർച്ചയുടെ വക്കിലായിരുന്നു. 1978-ൽ നാട്ടുകാരുടെ നേതൃത്വത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് ക്ഷേത്രം വീണ്ടും സജീവമായത്.
തിരികെ ലഭിച്ച ഭൂമിയിൽ ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഭരണസമിതി പ്രസിഡന്റ് അനൂപ് പി.ആർ, സെക്രട്ടറി സി.ടി. സുഭാഷ് എന്നിവർ അറിയിച്ചു. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് കോടതി ഉദ്യോഗസ്ഥർ ഭൂമി അളന്ന് തിട്ടപ്പെടുത്തിയത്.

