വിഷുദിനത്തിൽ പ്രത്യാശയുടെ പൊൻവെളിച്ചം; എട്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജെസ്സി കുടുംബത്തിന്റെ സ്നേഹത്തണലിലേക്ക്

പെരുമ്പാവൂർ: ഈ വിഷുക്കാലം കൂവപ്പടി ബേത്‌ലഹേം അഭയഭവന് നൽകുന്നത് സമാനതകളില്ലാത്ത സന്തോഷത്തിന്റെ നിമിഷങ്ങളാണ്. മനസ്സിന്റെ താളംതെറ്റി വർഷങ്ങളോളം അകന്നുപോയ ജെസ്സി എന്ന സഹോദരി, വിഷുകണിയും കൈനീട്ടവും നൽകുന്ന ഐശ്വര്യത്തിന്റെ ഈ ദിനത്തിൽ സ്വന്തം കുടുംബത്തിന്റെ സ്നേഹത്തണലിലേക്ക് മടങ്ങുന്നു.

കഴിഞ്ഞ എട്ടു വർഷക്കാലം തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ജെസ്സിയുടെ ജീവിതം. തുടർന്ന് 2024 നവംബർ 28-നാണ് ജെസ്സി അഭയഭവന്റെ സംരക്ഷണയിൽ എത്തുന്നത്. അവിടെ ലഭിച്ച ഒന്നര വർഷത്തെ കരുതലും സ്നേഹവും നിറഞ്ഞ പരിചരണം അവരിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയത്. വിഷുദിനമായ ഇന്ന് മൂത്ത സഹോദരി റോസിലി ബിനോയിയും കുടുംബവും ഇടുക്കി തങ്കമണിയിലുള്ള തങ്ങളുടെ വീട്ടിലേക്ക് ജെസ്സിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയതോടെ ആ കാത്തിരിപ്പിന് വിരാമമായി.

പരേതയായ മേരി എസ്തപ്പാൻ തുടക്കം കുറിച്ച അഭയഭവൻ ഇന്നും നാനൂറ്റി ഇരുപതോളം പേർക്ക് പ്രത്യാശയുടെ കനൽ കെടാതെ കാത്തുസൂക്ഷിക്കുന്ന ഇടമാണ്. സ്നേഹവും കരുതലും ഉണ്ടെങ്കിൽ ഏത് ഇരുളടഞ്ഞ ജീവിതവും വെളിച്ചത്തിലേക്ക് മടങ്ങിവരും എന്നതിന്റെ വലിയൊരു സാക്ഷ്യമാവുകയാണ് ഈ പുനഃസമാഗമം.

അഭയഭവൻ പ്രസിഡന്റ് നിഷ എസ്തപ്പാനും മറ്റ് സഹപ്രവർത്തകരും ജെസ്സിയുടെ മടക്കയാത്രയ്ക്ക് സാക്ഷ്യം വഹിച്ചു. ഈ ശുഭനിമിഷത്തിൽ ലോകമെമ്പാടുമുള്ള മലയാളി സഹോദരങ്ങൾക്കും അഭയഭവനിലെ അന്തേവാസികൾക്കും നിഷ എസ്തപ്പാൻ വിഷു ആശംസകൾ നേർന്നു.അഭയഭവന്റെ സ്ഥാപക മേരിയമ്മച്ചിയുടെ നന്മകൾക്കും ഓർമ്മകൾക്കും മുന്നിൽ ആദരമർപ്പിച്ചുകൊണ്ടാണ് അഭയഭവനിലെ മക്കളും സഹപ്രവർത്തകരും ജെസ്സിയെ യാത്രയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *