പട്ന: ബിഹാറിൽ പതിറ്റാണ്ടുകൾ നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് വിരാമമിട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാവ് സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പട്നയിലെ ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സയ്യിദ് അതാ ഹസ്നൈൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രി എന്ന പ്രത്യേകതയും സാമ്രാട്ട് ചൗധരിക്കുണ്ട്.
ഏകദേശം രണ്ട് പതിറ്റാണ്ടോളം ബിഹാർ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യസഭാംഗമായി ചുമതലയേറ്റതിനെത്തുടർന്നാണ് സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായത്. ബിജെപി നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട സാമ്രാട്ട് ചൗധരി എൻഡിഎ സഖ്യത്തിന്റെ പിന്തുണയോടെയാണ് അധികാരം ഏറ്റെടുത്തത്.
സാമ്രാട്ട് ചൗധരിക്കൊപ്പം ജനതാദൾ (യുണൈറ്റഡ്) നേതാക്കളായ ബിജേന്ദ്ര പ്രസാദ് യാദവ്, വിജയ് കുമാർ ചൗധരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇവർ ഇരുവരും പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രിമാരായി ചുമതലയേറ്റേക്കും എന്നാണ് സൂചന.
പുതിയ മുഖ്യമന്ത്രിയെ നിതീഷ് കുമാർ നേരിട്ടെത്തി അഭിനന്ദിച്ചു. വികസിതവും സമ്പന്നവുമായ ഒരു ബിഹാർ കെട്ടിപ്പടുക്കുക എന്നതാണ് തന്റെ സർക്കാരിന്റെ ലക്ഷ്യമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം സാമ്രാട്ട് ചൗധരി പ്രതികരിച്ചു. ബിഹാറിന്റെ ചരിത്രത്തിലെ 24-ാമത് മുഖ്യമന്ത്രിയാണ് സാമ്രാട്ട് ചൗധരി.
ബിഹാറിൽ പുതിയ രാഷ്ട്രീയ യുഗം; സാമ്രാട്ട് ചൗധരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

