ബംഗളൂരു: കർണാടകയിലെ ചിക്കമഗളുരുവിൽ അംബേദ്കർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി ഏഴുവയസുകാരി കൊല്ലപ്പെട്ടു. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു.കാർ ഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. അപകടത്തിന് പിന്നാലെ ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. എന്നാൽ കാറിലുണ്ടായിരുന്ന മറ്റൊരു വ്യക്തി ഓടി രക്ഷപ്പെട്ടു.പരിക്കേറ്റവരെ ഉടൻ തന്നെ ഹാസനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തെത്തുടർന്ന് പ്രകോപിതരായ നാട്ടുകാർ ജില്ലാ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞുകയറി; ഏഴുവയസുകാരിക്ക് ദാരുണാന്ത്യം

