കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരാണ് അറസ്റ്റ് ഭയന്ന് കോടതിയെ സമീപിച്ചത്.നിതിന്റെ മരണത്തിന് പിന്നാലെ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. ആറാം ദിവസവും അധ്യാപകരെ കണ്ടെത്താൻ പോലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് ഇവർ മുൻകൂർ ജാമ്യത്തിനായി കോടതിയിൽ ഹർജി നൽകിയത്.തങ്ങൾക്ക് നിതിന്റെ മരണത്തിൽ പങ്കില്ലെന്നും, ലോൺ ആപ്പുകൾ വഴി നിതിൻ നേരിട്ടിരുന്ന സാമ്പത്തിക പ്രതിസന്ധിയും ഭീഷണികളുമാണ് മരണകാരണമെന്നുമാണ് അധ്യാപകരുടെ വാദം. എന്നാൽ അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനവും ജാതി അധിക്ഷേപവുമാണ് നിതിനെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബവും സഹപാഠികളും ആരോപിക്കുന്നു.കോളേജിലെ പീഡനങ്ങൾ തുറന്നുപറയുന്ന നിതിന്റെ ശബ്ദസന്ദേശങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉടൻ തീരുമാനമെടുക്കും. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.
നിതിൻ രാജിന്റെ മരണം: പ്രതികളായ അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ നൽകി

