കൊച്ചി: കുംഭമേളയ്ക്കിടെ വൈറലായ പെണ്‍കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട ദുരൂഹതകളും പരാതികളും അന്വേഷിക്കാനെത്തിയ മധ്യപ്രദേശ് പോലീസ് സംഘം കൊച്ചിയില്‍ തുടരുന്നു. വ്യാഴാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല.മഹേശ്വര് സി.ഐ ഗണ്‍പത് കനയാൽ, ഒരു വനിതാ എസ്.ഐ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് അന്വേഷണത്തിനായി തൃക്കാക്കര പോലീസ് സ്റ്റേഷനിലെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ഫര്മാന് ഖാനെതിരെ തട്ടിക്കൊണ്ടുപോകലിനും പോക്സോ നിയമപ്രകാരവും മധ്യപ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും കൊച്ചിയിലുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് പോലീസ് സംഘം കേരളത്തിലെത്തിയത്.നിലവില്‍ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കേണ്ട സാഹചര്യമില്ലെന്നും മൊഴിയെടുക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു. അതേസമയം, ഫര്മാന് ഖാന്റെ അറസ്റ്റ് മെയ് 20 വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. കേസിന്റെ ഭാഗമായി ഫര്‍മാന്റെ സുഹൃത്തിനെ ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും അദ്ദേഹം ഹാജരായില്ല.കഴിഞ്ഞ മാര്‍ച്ച് 11-ന് തിരുവനന്തപുരം പൂവാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. പെണ്‍കുട്ടിക്ക് 18 വയസ്സ് തികഞ്ഞുവെന്നാണ് കേരള പോലീസിന്റെ നിലപാട്. എന്നാല്‍, തന്നെ മധ്യപ്രദേശിലേക്ക് കൊണ്ടുപോകുന്നത് തടയണമെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടി മുഖ്യമന്ത്രിയ്ക്കും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണ്.
വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല; മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുന്നു

