സാങ്കേതിക തകരാർ: പൂനെ വിമാനത്താവളത്തിൽ സുഖോയ് യുദ്ധവിമാനം ഇടിച്ചിറക്കി; പൈലറ്റുമാർ സുരക്ഷിതർ​

പൂനെ: ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എം.കെ.ഐ (Su-30MKI) യുദ്ധവിമാനം ലാൻഡിംഗിനിടെ സാങ്കേതിക തകരാറിനെത്തുടർന്ന് പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇടിച്ചിറക്കി (Hard Landing). വിമാനത്തിന്റെ ടയറുകൾ പുറത്തേക്ക് വരാത്തതിനെത്തുടർന്നാണ് (Undercarriage failure) റൺവേയിൽ അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. പതിവ് പരിശീലന പറക്കലിന് ശേഷം ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിൽ സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് വിമാനം റൺവേയിൽ ഇടിച്ചിറക്കുകയും അവിടെ കുടുങ്ങുകയും ചെയ്തു.

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൈലറ്റുമാർ സുരക്ഷിതരാണെന്നും വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു. സിവിൽ ആസ്തികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടില്ല.വിമാനം റൺവേയിൽ കുടുങ്ങിയതിനെത്തുടർന്ന് പൂനെ വിമാനത്താവളത്തിലെ സിവിൽ വിമാന സർവീസുകൾ മണിക്കൂറുകളോളം തടസ്സപ്പെട്ടു. മുപ്പതിലധികം വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് റൺവേ പൂർണ്ണമായും പ്രവർത്തനസജ്ജമായത്.

Leave a Reply

Your email address will not be published. Required fields are marked *