കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി ആർ.എൽ. നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഓൺലൈൻ ലോൺ ആപ്പ് നടത്തിപ്പുകാരെ കോടതി റിമാൻഡ് ചെയ്തു. നിതിനെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ‘ഇൻസ്റ്റാ പേ’ (InstaPay) എന്ന ആപ്പിന്റെ പ്രതിനിധികളാണ് നിയമനടപടി നേരിടുന്നത്.
കേവലം 15,000 രൂപ ലോൺ എടുത്ത നിതിനോട് ഉയർന്ന പലിശ സഹിതം പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ലോൺ ആപ്പ് ഏജന്റുമാർ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. നിതിനെ മാനസികമായി തകർക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയച്ചതായും പോലീസ് കണ്ടെത്തി.
നിതിൻ ബോധപൂർവ്വം നൽകിയതല്ലെങ്കിലും, ആപ്പ് അധികൃതർ നിതിന്റെ ഫോണിൽ നിന്ന് അധ്യാപികയുടെ നമ്പർ ചോർത്തുകയും അവർക്ക് ഭീഷണി സന്ദേശങ്ങൾ അയക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് കോളേജിൽ വെച്ച് നിതിനെ വിചാരണ ചെയ്തത് അവനെ വലിയ മാനസിക വിഷമത്തിലാക്കിയിരുന്നു.
അധ്യാപികയ്ക്ക് സന്ദേശം ലഭിച്ചതിനെത്തുടർന്ന് പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് നിതിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നിതിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ചക്കരക്കൽ പോലീസ് സ്വമേധയാ എടുത്ത കേസിൽ ലോൺ ആപ്പ് ഏജന്റുമാരെ പിടികൂടുകയായിരുന്നു. ലോൺ ആപ്പുകളുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങളെക്കുറിച്ചും പലിശ നിരക്കിനെക്കുറിച്ചും സൈബർ വിഭാഗം വിശദമായ അന്വേഷണം നടത്തിവരികയാണ്.
ലോൺ ആപ്പ് ഭീഷണിക്ക് പുറമെ, കോളേജിലെ ചില അധ്യാപകരുടെ പീഡനവും നിതിന്റെ മരണത്തിന് കാരണമായെന്ന് സഹപാഠികൾ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടും പോലീസ് അന്വേഷണം തുടരുന്നുണ്ട്.

