ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായകമായ രണ്ടാം ഘട്ട ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയൊരുങ്ങുന്നു. ഇസ്ലാമാബാദിലും പരിസര പ്രദേശങ്ങളിലും ചർച്ചകൾക്കായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ആരംഭിച്ചതായി പാക് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു
കഴിഞ്ഞ ആഴ്ച നടന്ന ആദ്യ ഘട്ട ചർച്ചകളിൽ അന്തിമ തീരുമാനമെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനെത്തുടർന്നാണ് അടുത്ത ആഴ്ച വീണ്ടും ചർച്ചകൾ നടത്താൻ തീരുമാനിച്ചത്. ഏപ്രിൽ 21-ന് വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതിന് മുൻപായി ഒരു ശാശ്വത പരിഹാരത്തിലെത്താനാണ് മധ്യസ്ഥനായ പാകിസ്ഥാൻ ശ്രമിക്കുന്നത്.
ചർച്ചകൾക്കായി ഇസ്ലാമാബാദിലും റാവൽപിണ്ടിയിലുമായി പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. നയതന്ത്ര മേഖലയിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചർച്ചകൾ നടക്കുന്ന ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.
ഇറാനുമായി ഒരു അന്തിമ സമാധാന കരാർ ഒപ്പിടുകയാണെങ്കിൽ താൻ നേരിട്ട് ഇസ്ലാമാബാദിൽ എത്തിയേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചന നൽകി. ഇറാൻ പല നിബന്ധനകളും അംഗീകരിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, ഡെപ്യൂട്ടി പ്രധാനമന്ത്രി ഇഷാഖ് ദാർ, സൈനിക മേധാവി ആസിം മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമാണ് ആദ്യ ഘട്ട ചർച്ചകൾക്ക് നേതൃത്വം നൽകിയത്.ആണവ പദ്ധതികൾ, ഉപരോധങ്ങൾ നീക്കൽ, ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം തുടങ്ങിയ പ്രധാന വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്താനുള്ളത്. രണ്ടാം ഘട്ട ചർച്ചകൾ ആഗോള ഊർജ്ജ വിപണിക്കും മേഖലയിലെ സമാധാനത്തിനും അതീവ നിർണ്ണായകമാണ്.

