വനിതാ സംവരണം: കേന്ദ്ര സർക്കാരിനെതിരെ ലോക്സഭയിൽ പ്രിയങ്ക ഗാന്ധിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. വനിതാ സംവരണം നടപ്പിലാക്കുന്നത് മണ്ഡല പുനർനിർണ്ണയവുമായി (Delimitation) ബന്ധിപ്പിക്കാനുള്ള സർക്കാരിന്റെ നീക്കം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും ഇത് സ്ത്രീകളെ പറ്റിക്കുന്നതിന് തുല്യമാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി

വനിതാ സംവരണത്തിനായി ആദ്യം മുൻകൈയെടുത്തത് കോൺഗ്രസ് ആണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. 1928-ൽ മോത്തിലാൽ നെഹ്‌റു തയ്യാറാക്കിയ റിപ്പോർട്ട് മുതൽ 1931-ലെ കറാച്ചി സമ്മേളനം വരെ നീളുന്ന ചരിത്ര പശ്ചാത്തലം അവർ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കിയത് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരാണെന്നും എന്നാൽ പ്രധാനമന്ത്രി ഇതിന്റെ ക്രെഡിറ്റ് കോൺഗ്രസിന് നൽകാൻ തയ്യാറാകുന്നില്ലെന്നും അവർ പറഞ്ഞു.

ബില്ലിൽ മണ്ഡല പുനർനിർണ്ണയവും സെൻസസും സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളില്ല. ഇത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും ചെറിയ സംസ്ഥാനങ്ങളുടെയും പാർലമെന്റിലെ പ്രാതിനിധ്യം കുറയ്ക്കാൻ ഇടയാക്കുമെന്ന് പ്രിയങ്ക ആശങ്ക പ്രകടിപ്പിച്ചു.

പറ്റിക്കുന്നവരെ തിരിച്ചറിയാനുള്ള കഴിവ് സ്ത്രീകൾക്കുണ്ടെന്നും അധികാരത്തിൽ തുടരാൻ സ്ത്രീകളെ ആയുധമാക്കുകയാണ് സർക്കാരെന്നും പ്രിയങ്ക ഗാന്ധി ലോക്സഭയിൽ പറഞ്ഞു.സ്ത്രീകൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നതിന് പകരം അത് വൈകിപ്പിക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന നിലപാടിലായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം.

Leave a Reply

Your email address will not be published. Required fields are marked *