ഹോർമുസ് തുറക്കണം, യുദ്ധം അവസാനിപ്പിക്കണം; നിലപാട് വ്യക്തമാക്കി ചൈന

റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യവുമായി ചൈന രംഗത്തെത്തി. സൗദി അറേബ്യയുമായി നടത്തിയ ചർച്ചയിലാണ് ചൈന തങ്ങളുടെ നയം വ്യക്തമാക്കിയത്.

മേഖലയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെയും പ്രാദേശിക രാജ്യങ്ങളുടെയും നിലപാടിനൊപ്പം ചൈനയുണ്ടാകുമെന്നും ചൈനീസ് അധികൃതർ വ്യക്തമാക്കി. ആഗോള എണ്ണ വിതരണത്തിൽ നിർണ്ണായകമായ ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കണമെന്നതാണ് ചൈനയുടെ പ്രധാന ആവശ്യം.

പാകിസ്താന്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടക്കാനിരുന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾ നിലവിൽ അനിശ്ചിതത്വത്തിലാണ്. ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തതും തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധവുമാണ് ചർച്ചകൾക്ക് തിരിച്ചടിയായത്.

അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം സമാധാന ശ്രമങ്ങൾക്ക് തടസ്സമാണെന്ന് പാകിസ്താൻ സൈനിക മേധാവി അസീം മുനീർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാമെന്ന് ട്രംപ് മറുപടി നൽകിയതായാണ് റിപ്പോർട്ട്.​പശ്ചിമേഷ്യയിലെ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി പ്രാദേശിക രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ചൈന അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *