മേലുകാവ്: അകാലത്തിൽ വിട്ടുപിരിഞ്ഞ മകളുടെ ആഗ്രഹപ്രകാരം തൻ്റെ സമ്പാദ്യം നിർധനർക്കായി മാറ്റിവെച്ച പിതൃവാത്സല്യത്തിൻ്റെ പ്രഭാവം മാഞ്ഞു. മേലുകാവ് അമ്പനാപാറയിൽ എ.ജെ. തോമസ് (73) അന്തരിച്ചു. അർബുദബാധയെ തുടർന്ന് 2019 ഡിസംബർ 13-നാണ് തോമസ്-ജാൻസി ദമ്പതികളുടെ മകൾ ഹെബ്സിബ മരണമടഞ്ഞത്. തൻ്റെ സ്വത്ത് പാവപ്പെട്ടവർക്ക് നൽകണമെന്ന മകളുടെ അന്ത്യാഭിലാഷം നിറവേറ്റാനായി മേലുകാവ് കുളത്തിക്കണ്ടത്തിലെ 63 സെന്റ് സ്ഥലമാണ് തോമസ് സി.എസ്.ഐ സഭയുടെ കാരുണ്യപ്രവർത്തനങ്ങൾക്കായി വിട്ടുനൽകിയത്.
‘ഹെബ്സിബ ഗാർഡൻ’ എന്ന് നാമകരണം ചെയ്ത ഈ ഭൂമിയിൽനിന്ന് വീടും സ്ഥലവുമില്ലാത്ത അഞ്ച് കുടുംബങ്ങൾക്ക് അഞ്ച് സെന്റ് വീതം സ്ഥലം വീട് വയ്ക്കാനായി കൈമാറി. 2024-ലെ സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക കൺവൻഷൻ വേദിയിൽ വെച്ചായിരുന്നു 25 സെന്റ് ഭൂമിയുടെ പ്രമാണങ്ങൾ ഔദ്യോഗികമായി സഭാധികാരികൾക്ക് കൈമാറിയത്. ഇതിനുപുറമെ 35 സെന്റ് സ്ഥലം കൂടി അദ്ദേഹം ദാനമായി നൽകിയിരുന്നു.
മകളുടെ വേർപാടിന് ശേഷം തിരുവനന്തപുരത്തുനിന്ന് മേലുകാവ് മറ്റത്തുവന്നായിരുന്നു തോമസും കുടുംബവും താമസിച്ചിരുന്നത്. ഇലത്തിക്കൽ കുടുംബാംഗമായ ജാൻസിയാണ് ഭാര്യ. സംസ്കാര ശുശ്രൂഷകൾക്ക് സി.എസ്.ഐ ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള മഹായിടവക ബിഷപ്പുമായ റവ. വി.എസ്. ഫ്രാൻസിസ്, മുൻ ബിഷപ്പ് റവ. ഡോ. കെ.ജി. ദാനിയേൽ എന്നിവർ നേതൃത്വം നൽകി. സ്വന്തം വേദനയിലും മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ മകളുടെ പേരിൽ കരുണയുടെ തണലൊരുക്കിയാണ് എ.ജെ. തോമസ് മടങ്ങുന്നത്.

