തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ യൂണിറ്റിലുണ്ടായ വൻ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 14 ആയി. പാലക്കാട് മുതുതല കോഴിക്കോട്ടിരി സ്വദേശി പ്രവീൺ (45) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. 90 ശതമാനം പൊള്ളലേറ്റ പ്രവീണിന് ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്.
നിലവിൽ 13 പേർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സ്വദേശി പി.എം. സതീഷും ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളവരിൽ ഉൾപ്പെടുന്നു. 70 ശതമാനത്തിലധികം പൊള്ളലേറ്റ നാലുപേരുടെ നില ആശങ്കാജനകമാണ്.
അന്വേഷണം ഊർജിതം: ഫോറൻസിക് ഡിപ്പാർട്ട്മെന്റ് അപകടസ്ഥലത്ത് പ്രാഥമിക തെളിവുശേഖരണം പൂർത്തിയാക്കി. വെടിക്കെട്ട് പുരയിൽ നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കാൻ ശേഖരിച്ച സാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് അയച്ചു. ഷോർട്ട് സർക്യൂട്ട് ആണോ സ്ഫോടനത്തിന് കാരണമായതെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. സ്ഫോടനത്തിന്റെ തീവ്രതയിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയതിനാൽ, തിരിച്ചറിയാൻ കഴിയാത്ത ശരീരഭാഗങ്ങളുടെ ഡി.എൻ.എ പരിശോധന തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ പുരോഗമിക്കുകയാണ്.
അപകടസ്ഥലത്ത് ഇനിയും വെടിക്കെട്ട് സാമഗ്രികൾ അവശേഷിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് വീണ്ടും പരിശോധന നടത്തും. ഏകദേശം 300 കിലോ വെടിമരുന്നും 96 ഗുണ്ടുകളും ഇനിയും നീക്കം ചെയ്യാനുണ്ടെന്നാണ് സൂചന. തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് (SIT) കേസ് അന്വേഷിക്കുന്നത്. ഇതിനിടെ, തൃശൂർ പൂരം വെടിക്കെട്ട് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ സർക്കാർ ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്

