മോസ്‌കോ: ആഗോള ആരോഗ്യരംഗത്ത് പുതിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് റഷ്യയിൽ നടന്ന ബ്രിക്സ് രാജ്യങ്ങളുടെ ടയർ-2 സമ്മേളനത്തിൽ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ പങ്കെടുത്തു. റഷ്യൻ പാർലമെന്റിന്റെ അധോസഭയായ ‘സ്റ്റേറ്റ് ഡ്യൂമ’യിൽ (State Duma) വെച്ചാണ് ഈ നിർണ്ണായക സമ്മേളനം നടന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത വേദിയിൽ ഇന്ത്യയുടെ പാരമ്പര്യ ചികിത്സാരീതിയായ ആയുർവേദത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.ഭാവിയിൽ ലോകം കേവലം രോഗചികിത്സയിൽ മാത്രം ഒതുങ്ങാതെ, മുൻകരുതൽ ആരോഗ്യസംരക്ഷണത്തിനും (Preventive Healthcare) ജീവിതശൈലീ മാറ്റങ്ങൾക്കും കൂടുതൽ മുൻഗണന നൽകണമെന്ന് ചാണ്ടി ഉമ്മൻ ചർച്ചയിൽ ചൂണ്ടിക്കാട്ടി.
പാരമ്പര്യ ചികിത്സാരീതികളെ ഏകോപിപ്പിക്കുന്നതിനായി ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് ഒരു പ്രത്യേക കേന്ദ്രം രൂപീകരിക്കാൻ തീരുമാനിച്ചു.ആയുർവേദം, പാരമ്പര്യ ചൈനീസ് ചികിത്സാ രീതികൾ എന്നിവയെ ശാസ്ത്രീയമായി വികസിപ്പിക്കുകയും ആഗോളതലത്തിൽ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.ഔഷധസസ്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം, സംയുക്ത ഗവേഷണം, പരിശീലനം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഈ കേന്ദ്രം വഴി ഉറപ്പാക്കും.ആഗോള ആരോഗ്യനയങ്ങളിൽ പാരമ്പര്യ വൈദ്യശാസ്ത്രത്തിന് കൂടുതൽ ഇടം നൽകുന്നതിനെക്കുറിച്ച് സമ്മേളനം വിശദമായി ചർച്ച ചെയ്തു.

