കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ മുർഷിദാബാദ് ജില്ലയിൽ ബോംബേറ്. ഡൊംകൽ മണ്ഡലത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് അക്രമം അരങ്ങേറിയത്. ബോംബേറിൽ രണ്ട് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.
മുർഷിദാബാദിലെ ഡൊംകൽ മണ്ഡലത്തിൽ വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപമാണ് ബോംബേറുണ്ടായത്. ഇതേത്തുടർന്ന് പ്രദേശത്ത് വലിയ പരിഭ്രാന്തി പടരുകയും വോട്ടെടുപ്പ് തടസ്സപ്പെടുകയും ചെയ്തു.തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോൺഗ്രസും ബി.ജെ.പിയും ആരോപിച്ചു. എന്നാൽ തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.മുർഷിദാബാദിന് പുറമെ മറ്റ് ചില ജില്ലകളിലും രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും സുരക്ഷാ സേന ലാത്തിവീശിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
ബോംബേറിനെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ ഭരണകൂടത്തോട് റിപ്പോർട്ട് തേടി. അക്രമം നടന്ന സ്ഥലത്ത് കൂടുതൽ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്.കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലും മുർഷിദാബാദിലുണ്ടായ ഈ അക്രമ സംഭവം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വോട്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

