ബെയ്റൂത്ത്: ദക്ഷിണ ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ലെബനീസ് മാധ്യമപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു. ഇസ്രായേൽ–ഹെസ്ബൊല്ല സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു സംഭവം.സംഭവസമയത്ത് ഖലീൽ സഹപ്രവർത്തക സെയ്‌നബ് ഫറാജിനൊപ്പം അൽ-തിരി പ്രദേശത്ത് റിപ്പോർട്ടിംഗിലായിരുന്നു. ഇവർ സഞ്ചരിച്ച വാഹനത്തിന് സമീപം ആദ്യം നടന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടർന്ന് സുരക്ഷയ്ക്കായി അഭയം തേടിയിരുന്ന വീടിനുമേൽ വീണ്ടും ആക്രമണം നടന്നതോടെയാണ് ഖലീൽ കുടുങ്ങിയത്.
ഗുരുതരമായി പരിക്കേറ്റ ഫറാജിനെ രക്ഷാപ്രവർത്തകർ പുറത്തെടുത്തെങ്കിലും, ഖലീൽ കുടുങ്ങിയ സ്ഥലത്ത് രക്ഷാപ്രവർത്തനം വൈകിയതായി റിപ്പോർട്ടുകൾ പറയുന്നു. രക്ഷാപ്രവർത്തകരുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടതായി ലെബനൻ അധികൃതർ ആരോപിച്ചു. മണിക്കൂറുകൾക്ക് ശേഷമാണ് ഖലീലിന്റെ മൃതദേഹം അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയത്.സംഭവത്തെ “യുദ്ധക്കുറ്റം” എന്ന് ലെബനൻ സർക്കാർ വിമർശിച്ചു. മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതും രക്ഷാപ്രവർത്തനം തടസപ്പെടുത്തിയതും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്ന് അവർ ആരോപിച്ചു
അതേസമയം, ആക്രമണം ഹെസ്ബൊല്ലയുമായി ബന്ധമുള്ള ലക്ഷ്യങ്ങളെതിരെയാണെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. മാധ്യമപ്രവർത്തകരെ ഉദ്ദേശപൂർവ്വം ലക്ഷ്യമിടാറില്ലെന്നും രക്ഷാപ്രവർത്തനം തടസപ്പെടുത്തിയിട്ടില്ലെന്നും അവർ നിഷേധിച്ചു. സംഘർഷം ശക്തമാകുന്നതിനിടെ ലെബനനിൽ മാധ്യമപ്രവർത്തകർ നേരിടുന്ന അപകടങ്ങൾ വീണ്ടും ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്.

