ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനിടെ പോളിംഗ് സമയം രണ്ട് മണിക്കൂർ കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ടിവികെ അധ്യക്ഷൻ വിജയ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി
ബസ് സർവീസുകൾ കുറച്ചതിനെ തുടർന്ന് വോട്ടർമാർക്ക് വോട്ട് ചെയ്യാൻ കഴിയാതെ മടങ്ങേണ്ട സാഹചര്യമുണ്ടായതായി വിജയ് കത്തിൽ ചൂണ്ടിക്കാട്ടി. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള യുവാക്കൾ വോട്ട് ചെയ്യുന്നതിനായി രാവിലെ തന്നെ ബസ് സ്റ്റാൻഡുകളിൽ എത്തിയെങ്കിലും ആവശ്യത്തിന് സർവീസുകൾ ലഭ്യമല്ലാത്തത് മൂലം അവർക്ക് ബുദ്ധിമുട്ട് നേരിട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.ഈ സാഹചര്യത്തിൽ എല്ലാ വോട്ടർമാർക്കും വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പാക്കുന്നതിനായി പോളിംഗ് സമയം രണ്ടുമണിക്കൂർ നീട്ടണമെന്ന് വിജയ് ആവശ്യപ്പെട്ടു.
ഇതിനിടെ ഗതാഗത വകുപ്പ് വിശദീകരണവുമായി രംഗത്തെത്തി. ബുധനാഴ്ച വൈകുന്നേരം മുതൽ പ്രത്യേക ബസ് സർവീസുകൾ ഏർപ്പെടുത്തിയതായും ഇന്ന് ഉച്ചയ്ക്ക് ഒന്നുവരെ സർവീസ് തുടരുന്നതായും അധികൃതർ അറിയിച്ചു. എന്നാൽ ഇത് പര്യാപ്തമല്ലെന്ന നിലപാടിലാണ് വിജയ്. ബസ് സർവീസുകൾ വെട്ടിക്കുറച്ചത് ആസൂത്രിത നീക്കമാണെന്നും, തെരഞ്ഞെടുപ്പിൽ തോൽവി മുന്നിൽ കണ്ടാണ് സർക്കാർ ഇത്തരം നടപടി സ്വീകരിച്ചതെന്നുമാണ് വിജയ് ആരോപിച്ചത്

