പാലക്കാട്: പാറമേക്കാവ് ദേവസ്വവുമായി ബന്ധപ്പെട്ട പടക്ക നിർമാണശാലയുടെ ഉടമയ്‌ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ലൈസൻസിൽ അനുവദിച്ചതിലധികം വെടിമരുന്ന് സൂക്ഷിച്ചതിനെ തുടർന്നാണ് നടപടി.
കോട്ടയം സ്വദേശിയായ ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പോലീസ് കേസ് എടുത്തത്. മുതലമട വെള്ളാരംകടവിലുള്ള പടക്ക നിർമാണശാലയുടെ ഉടമയാണ് ഇയാൾ.
ചിറ്റൂർ തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. നിർമാണശാലയിൽ അനുവദിച്ചതിലധികം പടക്കങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിച്ചിരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവത്തെ തുടർന്ന് നിർമാണശാല പോലീസ് സീൽ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.പാലക്കാട് ജില്ലാ കളക്ടർ സംഭവത്തിൽ വിശദമായ പരിശോധനകൾ നടത്തുമെന്ന് അറിയിച്ചു

