ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയൻ ദേശീയ പതാക പരസ്യമായി കത്തിക്കുന്നവർക്ക് ആറ് മാസം വരെ തടവുശിക്ഷ ഉറപ്പാക്കുന്ന പുതിയ ബില്ലുമായി കാറ്റേഴ്‌സ് ഓസ്‌ട്രേലിയൻ പാർട്ടി (കെ.എ.പി). ക്വീൻസ്‌ലൻഡ് പാർലമെന്റിൽ റോബി കാറ്ററാണ് ഇത് സംബന്ധിച്ച സ്വകാര്യ ബിൽ അവതരിപ്പിച്ചത്. നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തിക്കൊണ്ട്, ദേശീയ പതാകയ്‌ക്കൊപ്പം യൂണിയൻ ജാക്ക്, കോമൺവെൽത്ത് സ്റ്റാർ, സതേൺ ക്രോസ് എന്നിവയുൾപ്പെടെയുള്ള പതാകകളെ അപമാനിക്കുന്നതും കുറ്റകരമാക്കാനാണ് പുതിയ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്.
ദേശീയ പതാകയെ പരസ്യമായി കത്തിക്കുന്നത് ഒരു പ്രതിഷേധമായി കാണാനാവില്ലെന്നും അത് രാജ്യം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങൾക്കും അഭിമാനത്തിനും എതിരായ കടന്നാക്രമണമാണെന്നും റോബി കാറ്റർ പറഞ്ഞു. സർക്കാരിനെ വിമർശിക്കാനോ രാജ്യത്തിന്റെ പോക്കിൽ വിയോജിപ്പ് രേഖപ്പെടുത്താനോ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ പതാക കത്തിക്കുന്നത് ആ പരിധിക്കപ്പുറമുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഓസ്‌ട്രേലിയയുടെ പരമാധികാരത്തെയും ജനതയെയും സേവനസന്നദ്ധതയെയും പ്രതിനിധീകരിക്കുന്ന ചിഹ്നമാണ് ദേശീയ പതാക. ഇത്തരം പ്രവർത്തികൾ സമൂഹത്തിന്റെ ഐക്യം തകർക്കാനും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാനും കാരണമാകുമെന്ന് ബില്ലിന് മുന്നോടിയായുള്ള വിശദീകരണത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ, പൊതുസ്ഥലത്ത് പതാക കത്തിക്കുന്നവർക്ക് ആറ് മാസം തടവോ അല്ലെങ്കിൽ 40 പെനാൽറ്റി യൂണിറ്റ് വരെ പിഴയോ ശിക്ഷയായി ലഭിക്കും. താൻ പ്രതിഷേധങ്ങളെ തടയാൻ ശ്രമിക്കുകയല്ലെന്നും മറിച്ച് രാജ്യത്തിന്റെ അടയാളമായ പതാകയോടുള്ള ആദരവ് ഉറപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും റോബി കാറ്റർ കൂട്ടിച്ചേർത്തു. സെനറ്റർ ബോബ് കാറ്ററുടെ മകനാണ് റോബി കാറ്റർ. സഹ എം.പി ഷെയ്ൻ നുത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ നിയമനിർമ്മാണത്തിനുള്ള തന്റെ ഉറച്ച നിലപാട് വ്യക്തമാക്കിയത്

