മെൽബൺ: പരന്ന മുഖമുള്ള നായ്ക്കൾ നേരിടുന്ന ഗുരുതരമായ ശ്വസനപ്രശ്നങ്ങൾക്ക് പരിഹാരവുമായി ഓസ്ട്രേലിയൻ ശാസ്ത്രജ്ഞർ. പഗ്ഗ്, ഫ്രഞ്ച് ബുൾഡോഗ്, ബ്രിട്ടീഷ് ബുൾഡോഗ് തുടങ്ങിയ ഇനങ്ങളിൽപ്പെട്ട നായ്ക്കളിൽ കണ്ടുവരുന്ന ‘ബ്രാച്ചിസെഫാലിക് ഒബ്സ്ട്രക്റ്റീവ് എയർവേ സിൻഡ്രോം’ (BOAS) എന്ന അവസ്ഥയ്ക്കാണ് മെൽബണിലെ ആർ.എം.ഐ.ടി സർവകലാശാലയിലെയും ബയോടെക് കമ്പനിയായ സ്നോർടോക്സിലെയും ഗവേഷകർ പുതിയ കുത്തിവെപ്പ് വികസിപ്പിച്ചത്.
തലമുറകളായുള്ള പ്രജനന രീതികൾ കാരണം ഇത്തരം നായ്ക്കളുടെ മൂക്കിന്റെയും തൊണ്ടയുടെയും ഘടനയിൽ മാറ്റം വരികയും ഇത് ശ്വസനം, ഭക്ഷണം കഴിക്കൽ, ഉറക്കം എന്നിവയെ സാരമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. കഠിനമായ കേസുകളിൽ നായ്ക്കളുടെ ആയുസ്സ് നാല് വർഷം വരെ കുറയാനും ഇത് കാരണമാകുന്നു. നിലവിൽ ശസ്ത്രക്രിയയിലൂടെ മൂക്കിന്റെ ദ്വാരങ്ങൾ വികസിപ്പിക്കുകയാണ് പതിവ്. എന്നാൽ പലപ്പോഴും ഇത് പൂർണ്ണഫലപ്രദമാകാറില്ല.
ബോടോക്സിന് (Botox) വിപരീതമായി പ്രവർത്തിക്കുന്ന ‘സ്നോർടോക്സ്-1’ (SnoreTox-1) എന്ന മരുന്നാണ് ഗവേഷകർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത്. ബോടോക്സ് പേശികളെ തളർത്തുകയാണ് ചെയ്യുന്നതെങ്കിൽ, സ്നോർടോക്സ് വായുടെയും തൊണ്ടയുടെയും അടിഭാഗത്തെ പേശികൾക്ക് ബലം നൽകി ശ്വാസനാളം വികസിച്ചിരിക്കാൻ സഹായിക്കുന്നു.
പ്രാഥമിക പരീക്ഷണത്തിന്റെ ഭാഗമായി പഗ്ഗ് ഉൾപ്പെടെ ആറ് നായ്ക്കൾക്കാണ് കുത്തിവെപ്പ് നൽകിയത്. നായയുടെ നാക്കിന് അടിയിലായി നൽകിയ ഈ മരുന്ന് പത്ത് ദിവസത്തിനുള്ളിൽ തന്നെ ഫലം കാണിച്ചു തുടങ്ങിയെന്ന് ഉടമകൾ സാക്ഷ്യപ്പെടുത്തുന്നു. കുത്തിവെപ്പ് എടുത്തതോടെ നായ്ക്കളുടെ ശ്വാസോച്ഛ്വാസത്തിലെ ശബ്ദം കുറഞ്ഞതായും അവ കൂടുതൽ ഉന്മേഷവാന്മാരായതായും കണ്ടെത്തി. ചില നായ്ക്കളിൽ ആറ് മാസത്തോളം ഈ മരുന്നിന്റെ ഫലം നീണ്ടുനിന്നു.
ഈ വർഷം പകുതിയോടെ കൂടുതൽ നായ്ക്കളിൽ പരീക്ഷണം നടത്താനാണ് ഗവേഷകരുടെ തീരുമാനം. ഔദ്യോഗിക അംഗീകാരങ്ങൾ ലഭിക്കുന്നതോടെ ശ്വസനതടസ്സം നേരിടുന്ന നായ്ക്കൾക്കുള്ള എളുപ്പവും ഫലപ്രദവുമായ ചികിത്സാരീതിയായി ഇത് മാറുമെന്ന് സ്നോർടോക്സ് മാനേജിംഗ് ഡയറക്ടർ പ്രൊഫസർ ടോണി സാസ്സെ പറഞ്ഞു

