എൻ.ഡി.ഐ.എസ് പദ്ധതിയിൽ വൻ അഴിച്ചുപണി; 1.6 ലക്ഷം പേർ പുറത്തായേക്കും, 15 ബില്യൺ ഡോളറിന്റെ ചെലവ് ചുരുക്കൽ

കാൻബറ: ഓസ്‌ട്രേലിയയുടെ ദേശീയ വൈകല്യ ഇൻഷുറൻസ് പദ്ധതിയായ എൻ.ഡി.ഐ.എസിൽ (NDIS) കേന്ദ്ര സർക്കാർ വൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. പദ്ധതിയുടെ സുസ്ഥിരത ഉറപ്പാക്കാനായി നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി ഏകദേശം 1,60,000 ഗുണഭോക്താക്കൾക്ക് പദ്ധതിയിൽ നിന്നുള്ള ആനുകൂല്യങ്ങൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2030-ഓടെ പദ്ധതിയുടെ നടത്തിപ്പ് ചെലവിൽ 15 ബില്യൺ ഡോളറിന്റെ കുറവ് വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലർ പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ പ്രകാരം, ഇനി മുതൽ രോഗനിർണ്ണയം (Diagnosis) മാത്രം പരിഗണിച്ചാവില്ല പദ്ധതിയിൽ അംഗത്വം നൽകുന്നത്. പകരം, ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ‘പ്രവർത്തന ശേഷി’ (Functional Capacity) അടിസ്ഥാനമാക്കിയാകും പുതിയ വിലയിരുത്തലുകൾ. നിലവിൽ പദ്ധതിയിലുള്ള 7,60,000 പേരിൽ നിന്ന് ഗുണഭോക്താക്കളുടെ എണ്ണം 6,00,000 ആയി കുറയ്ക്കാനാണ് സർക്കാർ നീക്കം.

പദ്ധതിയുടെ ചെലവ് അനിയന്ത്രിതമായി വർധിക്കുന്നത് തടയാനും തട്ടിപ്പുകൾ ഇല്ലാതാക്കാനുമാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഇതിനായി ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനവും സേവനദാതാക്കൾക്ക് കർശനമായ പരിശോധനയും ഏർപ്പെടുത്തും. ശരാശരി പ്ലാൻ തുക 31,000 ഡോളറിൽ നിന്ന് 26,000 ഡോളറായി കുറയ്ക്കാനും തീരുമാനമുണ്ട്.

അതേസമയം, പുതിയ പരിഷ്കാരങ്ങൾ ഭിന്നശേഷിക്കാരെയും അവരുടെ കുടുംബങ്ങളെയും വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. തങ്ങളുടെ അവസ്ഥയിൽ മാറ്റമില്ലാതിരുന്നിട്ടും വീണ്ടും യോഗ്യതാ പരിശോധനകൾക്ക് വിധേയരാകേണ്ടി വരുന്നത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. അർഹരായ പലരും പദ്ധതിക്ക് പുറത്താകുമെന്നും ആവശ്യമായ പിന്തുണ ലഭിക്കാതെ ഇവർ പാർശ്വവൽക്കരിക്കപ്പെടുമെന്നും എൻ.ഡി.ഐ.എസ് രംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഒക്ടോബർ മുതൽ പുതിയ മാറ്റങ്ങൾ ഘട്ടംഘട്ടമായി നടപ്പിലാക്കി തുടങ്ങാനാണ് സർക്കാർ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *