ബ്രിസ്‌ബേൻ: ടുവൂംബയിൽ മുപ്പതുകാരിയായ യുവതിയെ കിലോമീറ്ററുകളോളം പിന്തുടർന്ന് തലയ്ക്ക് കല്ലുകൊണ്ട് ഇടിച്ച് പരിക്കേൽപ്പിക്കുകയും ബലാത്സംഗത്തിന് ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ഇരുപതുകാരൻ അറസ്റ്റിലായി. മാർച്ച് 30-ന് രാത്രി 11 മണിയോടെ ടുവൂംബയിലെ ന്യൂടൗണിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
യുവതിയെ പിന്തുടർന്ന് ക്രൂരമായി ആക്രമിച്ച പ്രതി, ബലാത്സംഗത്തിന് ശ്രമിക്കുന്നതിനിടെ സമീപവാസിയുടെ ഇടപെടലിനെത്തുടർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ ടുവൂംബയുടെ പ്രാന്തപ്രദേശമായ ഗ്ലെൻവെയ്‌ലിൽ നിന്നുള്ള യുവാവിനെ ഇന്നലെ സിബിഡിയിൽ വെച്ച് പോലീസ് പിടികൂടി.
പ്രതിക്കെതിരെ നിയമവിരുദ്ധമായി സ്ത്രീയെ പിന്തുടരുക (Stalking), ബലാത്സംഗശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നവർ പോലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു

