അഡ്‌ലെയ്ഡ്: ഡിസബിലിറ്റി പാർക്കിംഗ് ബേയിൽ നിന്ന് വീൽചെയർ യാത്രക്കാരനെ പിക്ക് ചെയ്യുന്നത് തടയുകയും പിഴ ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ അഡ്‌ലെയ്ഡ് എയർപോർട്ട് അധികൃതർ മാപ്പ് പറഞ്ഞു. വീൽചെയർ ഉപയോക്താവായ ഷെയ്ൻ ഹ്രൈഹോറെക്കും അദ്ദേഹത്തിന്റെ അമ്മയും വിമാനത്താവള ജീവനക്കാരനിൽ നിന്ന് നേരിട്ട ദുരനുഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് അധികൃതർ നടപടിയുമായി രംഗത്തെത്തിയത്.
കഴിഞ്ഞ വാരാന്ത്യത്തിൽ അമ്മ തന്നെ പിക്ക് ചെയ്യാൻ എത്തിയപ്പോഴാണ് ഷെയ്ൻ ഈ ദുരനുഭവം നേരിട്ടത്. അമ്മയുടെ കാറിൽ ഡിസബിലിറ്റി പാർക്കിംഗ് പെർമിറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി ജീവനക്കാരൻ അവിടെ വാഹനം നിർത്തുന്നത് തടയുകയായിരുന്നു. അവിടെ വാഹനം നിർത്തിയാൽ 400 ഡോളർ പിഴ അടയ്ക്കേണ്ടി വരുമെന്ന് ജീവനക്കാരൻ ഭീഷണിപ്പെടുത്തിയതായി ഷെയ്ൻ പറഞ്ഞു.
സാധാരണ യാത്രക്കാർക്കായുള്ള പിക്ക്-അപ്പ് പോയിന്റിലേക്ക് പോകാനാണ് ജീവനക്കാരൻ നിർദ്ദേശിച്ചത്. എന്നാൽ വീൽചെയർ ഉപയോഗിക്കുന്ന ഒരാൾക്ക് സുരക്ഷിതമായി വാഹനത്തിൽ കയറാൻ ആവശ്യമായ സൗകര്യങ്ങൾ അവിടെയില്ലെന്ന് ഷെയ്ൻ ചൂണ്ടിക്കാട്ടി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ എയർപോർട്ട് അധികൃതർ ഷെയ്‌നെ വിളിച്ച് മാപ്പ് ചോദിക്കുകയും വീഡിയോ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇത്തരം വിവേചനങ്ങൾ പൊതുസമൂഹം അറിയേണ്ടതുണ്ടെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചു.
വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും സാഹചര്യം കൈകാര്യം ചെയ്ത രീതിയിൽ വീഴ്ച പറ്റിയതായും അഡ്‌ലെയ്ഡ് എയർപോർട്ട് വക്താവ് അറിയിച്ചു. പെർമിറ്റ് ഇല്ലാത്ത വാഹനങ്ങൾ ആ പ്രദേശം ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെങ്കിലും, ഷെയ്‌ന്റെ കാര്യത്തിൽ വിവേചനാധികാരം ഉപയോഗിച്ച് അവിടെ നിന്ന് യാത്ര ചെയ്യാൻ അനുവദിക്കേണ്ടതായിരുന്നുവെന്ന് അധികൃതർ സമ്മതിച്ചു. വിമാനത്താവളത്തിലെ നടപടിക്രമങ്ങൾ പുനഃപരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

