വാഷിംഗ്ടൺ: ഇറാനെതിരെ കൂടുതൽ ശക്തമായ സൈനിക നടപടി സ്വീകരിക്കുന്നതിന് അമേരിക്ക പുതിയ പദ്ധതികൾ തയ്യാറാക്കിയതായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയതായി റിപ്പോർട്ട്.ഇറാനുമായി നടക്കുന്ന സംഘർഷം തുടരുന്നതിനിടെ, ചർച്ചകൾ പരാജയപ്പെട്ടാൽ “ചുരുങ്ങിയ കാലയളവിൽ ശക്തമായ സൈനിക ആക്രമണം” നടത്താനുള്ള സാധ്യതയാണ് അമേരിക്ക പരിഗണിക്കുന്നത്. പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്താനുള്ള പദ്ധതികൾ അമേരിക്കൻ സൈനിക വിഭാഗങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം.
ഇതിനൊപ്പം, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട പ്രതിസന്ധിയും അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷമാക്കുന്ന ഘടകമായി തുടരുന്നു. ഈ മേഖലയിൽ നാവിക ഉപരോധവും കടൽഗതാഗത നിയന്ത്രണങ്ങളും തുടരുന്ന സാഹചര്യത്തിൽ, സൈനിക നടപടി കൂടുതൽ വ്യാപിപ്പിക്കാനുള്ള സാധ്യതയും ഉയർന്നിരിക്കുകയാണ്.
ഇറാന്റെ ആണവപരിപാടി നിർത്തലാക്കണം എന്നതാണ് അമേരിക്കയുടെ പ്രധാന ആവശ്യം. എന്നാൽ ഇറാൻ അതിന് തയ്യാറാകാത്തതിനെ തുടർന്ന് ചർച്ചകൾ നിലച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സൈനിക സമ്മർദ്ദം വർധിപ്പിച്ച് ഇറാനെ കരാറിലേക്ക് എത്തിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഇത്തരത്തിലുള്ള നീക്കങ്ങൾ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുകയും ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്.

