തൃശൂർ: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്തുവയസ്സുകാരൻ അനോഷ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അനോഷ് സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. കൊടകര സ്വദേശികളായ സിൽജോ – ജോൺസി ദമ്പതികളുടെ മകനാണ് അനോഷ്.
കഴിഞ്ഞ മെയ് 18-നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അനോഷിനെയും മൂത്ത സഹോദരൻ അൽജോയെയും (12) പാമ്പ് കടിക്കുകയായിരുന്നു. കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയ മാതാപിതാക്കൾ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ അൽജോയുടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ഗുരുതരാവസ്ഥയിലായ അനോഷിനെ ഉടൻ തന്നെ തൃശൂരിലെ വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റി. ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവൻ നിലനിർത്തിയത്. വിദഗ്ധ ചികിത്സയോട് അനോഷിന്റെ ശരീരം അനുകൂലമായി പ്രതികരിച്ചതോടെ കഴിഞ്ഞ ദിവസം ആരോഗ്യനില മെച്ചപ്പെടുകയും ഡിസ്ചാർജ് ചെയ്യുകയുമായിരുന്നു.
ഒരു മകൻ ജീവിതത്തിലേക്ക് മടങ്ങിവന്നതിന്റെ ആശ്വാസത്തിലാണെങ്കിലും, മൂത്ത മകൻ അൽജോയുടെ വേർപാട് ആ കുടുംബത്തിനും കൊടകര ഗ്രാമത്തിനും ഇന്നും ഉണങ്ങാത്ത മുറിവായി തുടരുന്നു

