കവരത്തി: ലക്ഷദ്വീപ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്ക് വലിയ ആശ്വാസമായി ഭരണകൂടത്തിന്റെ പുതിയ ഉത്തരവ്. ദ്വീപ് സന്ദർശനത്തിനുള്ള നിബന്ധനകളിൽ പ്രധാനമായ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും (PCC) പ്രാദേശിക സ്പോൺസർഷിപ്പും ഒഴിവാക്കി ലക്ഷദ്വീപ് ഭരണകൂടം ഉത്തരവിറക്കി.
ലക്ഷദ്വീപിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ് ഈ തീരുമാനം. നിലവിൽ ദ്വീപ് സന്ദർശിക്കണമെങ്കിൽ അതത് സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റും, ദ്വീപിൽ താമസിക്കുന്ന ഒരാളുടെ സ്പോൺസർഷിപ്പും നിർബന്ധമായിരുന്നു. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നേരിട്ടിരുന്ന കാലതാമസവും പ്രായോഗിക ബുദ്ധിമുട്ടുകളും വിനോദസഞ്ചാരികളെ പിന്നോട്ടടിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ടൂറിസം എൻട്രി പെർമിറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ കൂടുതൽ ലളിതമാകും.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും യാത്രാ തടസ്സങ്ങൾ നീക്കുന്നതിനുമുള്ള കേന്ദ്ര സർക്കാരിന്റെയും ഭരണകൂടത്തിന്റെയും നീക്കങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഭരണകൂടം പുറത്തിറക്കി. പുതിയ പരിഷ്കാരം നടപ്പിലാകുന്നതോടെ ഇന്ത്യയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നതുപോലെ സുഗമമായി ലക്ഷദ്വീപ് യാത്രയും പ്ലാൻ ചെയ്യാൻ സഞ്ചാരികൾക്ക് സാധിക്കും.

