നടി റെബൽ വിൽസനെതിരെയുള്ള മാനനഷ്ടക്കേസ് ; യുവനടി കഥ മാറ്റിപ്പറഞ്ഞെന്ന്’ സംശയിച്ചിരുന്നതായി സഹനിർമ്മാതാവ്

സിഡ്നി: ഹോളിവുഡ് താരം റെബൽ വിൽസൻ സംവിധാനം ചെയ്യുന്ന ‘ദി ഡെബ്’ (The Deb) എന്ന ചിത്രത്തിലെ നായിക ഷാർലറ്റ് മക്കിന്നസ് നൽകിയ മാനനഷ്ടക്കേസിൽ പുതിയ വെളിപ്പെടുത്തലുകൾ. ചിത്രത്തിന്റെ സഹനിർമ്മാതാവ് അമാൻഡ ഘോസ്റ്റിനെതിരെ ഉന്നയിച്ച ലൈംഗികാരോപണ പരാതിയിൽ നിന്ന് ഷാർലറ്റ് പിന്നീട് പിന്നോക്കം പോയതായി തനിക്ക് സംശയമുണ്ടായിരുന്നുവെന്ന് ലോക്കൽ പ്രൊഡ്യൂസർ ഗ്രീർ സിംപ്കിൻ കോടതിയിൽ മൊഴി നൽകി.

ഷാർലറ്റ് നുണയച്ചിയാണെന്നും കരിയറിലെ നേട്ടങ്ങൾക്കായി പരാതി പിൻവലിച്ചുവെന്നും റെബൽ വിൽസൻ സോഷ്യൽ മീഡിയയിൽ കുറിച്ചതാണ് കേസിനാധാരം. 2023 സെപ്റ്റംബറിൽ ബോണ്ടി ബീച്ചിലുണ്ടായ ഒരു സംഭവത്തെ ചൊല്ലിയാണ് വിവാദങ്ങൾ തുടങ്ങിയത്. അമാൻഡ ഘോസ്റ്റിന് ശാരീരിക അസ്വസ്ഥതയുണ്ടായപ്പോൾ താപനില നിലനിർത്താൻ ഷാർലറ്റുമായി ചേർന്ന് ബാത്ത് ടബ്ബ് പങ്കിട്ടുവെന്നും, ഇതിൽ താൻ അസ്വസ്ഥയായിരുന്നുവെന്ന് ഷാർലറ്റ് തന്നോട് പറഞ്ഞുവെന്നുമാണ് റെബൽ വിൽസന്റെ വാദം. എന്നാൽ താൻ അസ്വസ്ഥയായിരുന്നില്ലെന്നും റെബൽ കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നുമാണ് ഷാർലറ്റിന്റെ പക്ഷം.

വെള്ളിയാഴ്ച ഫെഡറൽ കോടതിയിൽ നടന്ന വാദത്തിനിടെ, ഷാർലറ്റിന്റെ ഏജന്റ് അയച്ച ഇമെയിൽ സിംപ്കിൻ കോടതിയിൽ ഹാജരാക്കി. താൻ അമാൻഡയോടൊപ്പം അസ്വസ്ഥയായിരുന്നില്ലെന്നും റെബൽ വിൽസന് തെറ്റിദ്ധാരണ ഉണ്ടായതാണെന്നുമാണ് ഷാർലറ്റ് ഏജന്റ് വഴി അറിയിച്ചത്. ഈ സന്ദേശം കണ്ടപ്പോൾ ഷാർലറ്റ് റെബലിനോട് പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിന്നോക്കം പോകുകയാണെന്നും (Fudging) കാര്യങ്ങൾ മാറ്റിപ്പറയുകയാണെന്നും തനിക്ക് തോന്നിയതായി സിംപ്കിൻ കോടതിയെ അറിയിച്ചു.

റെബൽ വിൽസനും അമാൻഡ ഘോസ്റ്റും തന്റെ ബോസ്മാരാണെന്നും ഇരുവരെയും ബഹുമാനിച്ചുകൊണ്ട് ഈ വിഷമകരമായ സാഹചര്യത്തെ നേരിടാനാണ് താൻ ശ്രമിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഷാർലറ്റ് തന്റെ നിലപാട് മാറ്റിയത് പ്രതിഫലമായി ലഭിച്ച വലിയ വാഗ്ദാനങ്ങൾ കാരണമാണെന്ന വാദത്തിൽ റെബൽ വിൽസൻ ഉറച്ചുനിൽക്കുകയാണ്. കേസിൽ വിചാരണ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *