കാൻബറ: ആഗോള അസ്ഥിരതയ്ക്കിടയിലും രാജ്യത്തിന്റെ ഇന്ധന സുരക്ഷ ഉറപ്പാക്കുന്നതിനായി ഓസ്ട്രേലിയ മൂന്ന് കപ്പൽ ഇന്ധനം കൂടി അധികമായി എത്തിക്കുന്നു. ഇസ്രായേൽ-ഇറാൻ യുദ്ധത്തെത്തുടർന്ന് അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന അന്താരാഷ്ട്ര സഖ്യത്തെക്കുറിച്ച് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോംഗ് വെളിപ്പെടുത്തിയതിന് പിന്നാലെയാണിത്.
ബ്രിസ്ബേൻ, പെർത്ത്, ഡാർവിൻ എന്നിവിടങ്ങളിലേക്കായി 10 കോടി ലിറ്റർ ജെറ്റ് ഇന്ധനവും 5 കോടി ലിറ്റർ ഡീസലുമാണ് പുതുതായി എത്തിക്കുന്നത്. മെയ്, ജൂൺ മാസങ്ങളിലായി എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ച എട്ട് കപ്പൽ ഇന്ധനത്തിന് പുറമെയാണിത്. ഇതോടെ രാജ്യത്തിന്റെ സുഗമമായ പ്രവർത്തനത്തിനായി ആകെ 45 കോടി ലിറ്റർ ഡീസലും 10 കോടി ലിറ്റർ ജെറ്റ് ഇന്ധനവും അധികമായി ഉറപ്പാക്കാൻ കഴിഞ്ഞതായി പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു. ഇന്ധന കമ്പനികൾക്ക് ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം സർക്കാർ ഏറ്റെടുക്കുന്ന പുതിയ നിയമ പരിഷ്കാരത്തിലൂടെയാണ് ഈ നീക്കം സാധ്യമായത്.
അതേസമയം, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി ‘മാരിടൈം ഫ്രീഡം കൺസ്ട്രക്ട്’ (Maritime Freedom Construct – MFC) എന്ന പേരിൽ ഒരു അന്താരാഷ്ട്ര സഖ്യം രൂപീകരിക്കാൻ അമേരിക്ക തയ്യാറെടുക്കുകയാണ്. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും പ്രതിരോധ വകുപ്പും സംയുക്തമായാണ് ഇതിന് നേതൃത്വം നൽകുന്നത്. ഈ സഖ്യത്തിൽ ചേരാൻ വിവിധ രാജ്യങ്ങളോട് അമേരിക്ക അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്റലിജൻസ് വിവരങ്ങൾ പങ്കുവെക്കൽ, ഉപരോധങ്ങൾ നടപ്പിലാക്കൽ, നാവിക സഹായം എന്നിവയാണ് സഖ്യത്തിൽ ചേരുന്ന രാജ്യങ്ങളിൽ നിന്നും അമേരിക്ക പ്രതീക്ഷിക്കുന്നത്.
ഈ സഖ്യത്തിൽ ചേരുന്ന കാര്യത്തിൽ ഓസ്ട്രേലിയ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ബ്രിട്ടൻ, ഫ്രാൻസ്, അമേരിക്ക തുടങ്ങിയ പങ്കാളിത്ത രാജ്യങ്ങളുമായി ചർച്ചകൾ നടത്തിവരികയാണെന്നും, നിലവിൽ മേഖലയിൽ നയതന്ത്രപരമായ പിന്തുണ ഓസ്ട്രേലിയ നൽകുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി പെന്നി വോംഗ് വ്യക്തമാക്കി. ലോകത്തെ വളം വിതരണത്തിന്റെയും ഇന്ധന വിതരണത്തിന്റെയും പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് തടസ്സപ്പെടുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നതിനാലാണ് ഇത്തരമൊരു നീക്കത്തിന് അമേരിക്ക മുൻകൈ എടുക്കുന്നത്.

