മുംബൈ: വിപണിയിൽ ചംക്രമണത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 98.47 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) അറിയിച്ചു. 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി 2023 മേയ് 19-നാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തോട് അടുക്കുമ്പോഴാണ് നോട്ടുകൾ തിരിച്ചെത്തിയതിന്റെ ഏറ്റവും പുതിയ കണക്കുകൾ പുറത്തുവരുന്നത്.
നോട്ടുകൾ പിൻവലിക്കുന്ന സമയത്ത് 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് വിപണിയിലുണ്ടായിരുന്നത്. എന്നാൽ 2026 ഏപ്രിൽ 30-ലെ കണക്കനുസരിച്ച് ഇത് 5,451 കോടി രൂപയായി കുറഞ്ഞു. കറൻസി മാനേജ്‌മെന്റിന്റെ ഭാഗമായാണ് ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിക്കാൻ ആർ.ബി.ഐ. തീരുമാനിച്ചത്.
നിലവിൽ ബാങ്കുകൾ വഴി നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യം ലഭ്യമല്ലെങ്കിലും, രാജ്യത്തെ 19 ആർ.ബി.ഐ. ഇഷ്യൂ ഓഫീസുകൾ വഴി നോട്ടുകൾ മാറ്റുകയോ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയോ ചെയ്യാം. കൂടാതെ, തപാൽ വകുപ്പ് വഴി ഏത് പോസ്റ്റ് ഓഫീസിൽ നിന്നും നോട്ടുകൾ ആർ.ബി.ഐ. ഓഫീസുകളിലേക്ക് അയച്ച് അക്കൗണ്ടിൽ പണം ക്രെഡിറ്റ് ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്. 2000 രൂപ നോട്ടുകൾ നിയമപരമായ വിനിമയ മൂല്യമുള്ള കറൻസിയായി (Legal Tender) തുടരുമെന്നും ആർ.ബി.ഐ. വ്യക്തമാക്കി

