മുംബൈ: തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തിലെ അഞ്ച്, ആറ് യൂണിറ്റുകളിൽ പ്രധാന യന്ത്രസാമഗ്രികൾ സ്ഥാപിക്കുന്നതിന് അറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (AERB) അനുമതി നൽകി. റിയാക്ടർ പ്രഷർ വെസൽ, സ്റ്റീം ജനറേറ്ററുകൾ, കൂളന്റ് പമ്പുകൾ തുടങ്ങിയ നിർണ്ണായക ഭാഗങ്ങൾ സ്ഥാപിക്കാനാണ് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന് (NPCIL) അനുമതി ലഭിച്ചത്.
യൂണിറ്റുകളുടെ രൂപകൽപ്പനയും സുരക്ഷാ സംവിധാനങ്ങളും സംബന്ധിച്ച് എ.ഇ.ആർ.ബി. നടത്തിയ വിവിധതലങ്ങളിലുള്ള സുരക്ഷാ പരിശോധനകൾ തൃപ്തികരമായി പൂർത്തിയാക്കിയതിനെ തുടർന്നാണ് നടപടി. കൂടാതെ, 2021 ഏപ്രിലിൽ ‘ഫസ്റ്റ് പോർ ഓഫ് കോൺക്രീറ്റ്’ (FPC) അനുമതി നൽകിയതിന് ശേഷം നടന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതിയും ബോർഡ് വിലയിരുത്തി.
റഷ്യയുടെ സാങ്കേതിക സഹകരണത്തോടെ നിർമ്മിക്കുന്ന കൂടംകുളം പദ്ധതിയിൽ 1000 മെഗാവാട്ട് ശേഷിയുള്ള ആറ് യൂണിറ്റുകളാണ് ഉൾപ്പെടുന്നത്. ഇതിൽ ആദ്യ രണ്ട് യൂണിറ്റുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്ന്, നാല് യൂണിറ്റുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. പുതിയ അനുമതിയോടെ അഞ്ച്, ആറ് യൂണിറ്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ വരും മാസങ്ങളിൽ കൂടുതൽ വേഗത്തിലാകും. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ യൂണിറ്റുകൾ വികസിപ്പിക്കുന്നത്.

