ന്യൂഡൽഹി: ബുദ്ധപൂർണിമ ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായ ‘ഫ്ലവർ മൂൺ’ ആകാശപ്രേമികൾക്ക് വിരുന്നായി. വസന്തകാലത്തെ പൂക്കളുടെ വിരിഞ്ഞുനിൽക്കലിനെ സൂചിപ്പിക്കുന്ന മെയ് മാസത്തിലെ ഈ പൂർണ്ണചന്ദ്രൻ, ഡൽഹിയിലെ ഇന്ത്യ ഗേറ്റിലും കർത്തവ്യ പഥിലും അതിമനോഹരമായ കാഴ്ചയാണ് ഒരുക്കിയത്.
ഉത്തരാഖണ്ഡിലെ നൈനിറ്റാളിലും ഹിമാചൽ പ്രദേശിലെ ഷിംലയിലും തെളിഞ്ഞ ആകാശത്ത് ചന്ദ്രൻ പൂർണ്ണരൂപത്തിൽ ദൃശ്യമായി. ഷിംലയിലെ പ്രശസ്തമായ ജാഖു ഹനുമാൻ പ്രതിമയ്ക്കും ക്രൈസ്റ്റ് ചർച്ചിനും മുകളിലായി ഉദിച്ചുയർന്ന ചന്ദ്രന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ബുദ്ധപൂർണിമ ആഘോഷങ്ങൾക്കിടയിൽ തെളിഞ്ഞ ഈ പ്രതിഭാസം കാണാൻ നിരവധിയാളുകളാണ് പ്രധാന കേന്ദ്രങ്ങളിൽ ഒത്തുചേർന്നത്. വടക്കേ അമേരിക്കയിലെ ആദിമ ഗോത്രവർഗ്ഗക്കാരാണ് മെയ് മാസത്തിലെ പൂർണ്ണചന്ദ്രനെ ഫ്ലവർ മൂൺ എന്ന് വിളിച്ചുതുടങ്ങിയത്.


