വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ഇറാൻ സമർപ്പിച്ച നിർദേശങ്ങളിൽ തൃപ്തിയില്ലെന്നും ഉടൻ കരാറിലെത്താൻ സാധ്യതയില്ലെന്നും ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് വ്യക്തമാക്കി.
പാക്കിസ്ഥാന്റെ ഇടപെടലിനെ തുടർന്ന് ഇറാൻ പുതുക്കിയ നിർദേശങ്ങൾ അമേരിക്കക്ക് കൈമാറിയതായിരുന്നു. എന്നാൽ, ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ “ഇറാനെ പൂർണമായി തകർക്കുക അല്ലെങ്കിൽ കരാറിലെത്തുക” എന്ന രണ്ടു വഴികളാണ് മുന്നിലുള്ളതെന്ന് ട്രംപ് പറഞ്ഞു.ഇറാനിലെ അമേരിക്കൻ സൈനിക നടപടി യുദ്ധമായി വിശേഷിപ്പിക്കാനാവില്ലെന്നും, ഇറാന്റെ നാവികസേനയും വ്യോമസേനയും യുഎസ് തകർത്തുവെന്നുമാണ് ട്രംപ് അവകാശപ്പെട്ടത്. കൂടാതെ ഇറാന്റെ ആണവ ശേഷി പൂർണമായി ഇല്ലാതാക്കിയതായും അദ്ദേഹം പറഞ്ഞു.
ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങളുടെ ഏകദേശം 82 ശതമാനം വരെ നശിപ്പിച്ചതായും, ഇറാന്റെ സമ്പദ്വ്യവസ്ഥ ഗുരുതരമായി തകർന്നുവെന്നും ട്രംപ് ആരോപിച്ചു. ഈ സാഹചര്യത്തിൽ ഇറാൻ എത്രത്തോളം നിലനിൽക്കുമെന്നത് കാത്തുനോക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പശ്ചിമേഷ്യയിൽ യുഎസ്–ഇസ്രായേൽ–ഇറാൻ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെടുകയും സംഘർഷം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത തുടരുകയും ചെയ്യുന്നുവെന്നാണ് വിലയിരുത്തൽ.

