വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ഇറക്കുമതി വാഹനങ്ങൾക്ക് അധിക ടാരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. നിലവിലുള്ള 15 ശതമാനം ചുങ്കം 25 ശതമാനമായി ഉയർത്താനാണ് പദ്ധതി.
യൂറോപ്യൻ യൂണിയൻ മുമ്പ് ഒപ്പുവെച്ച വ്യാപാര കരാറിലെ നിബന്ധനകൾ പാലിച്ചിട്ടില്ലെന്നാണ് ട്രംപിന്റെ ആരോപണം. അതിനാൽ അടുത്ത ആഴ്ച മുതൽ തന്നെ പുതിയ ടാരിഫ് പ്രാബല്യത്തിൽ വരുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, അമേരിക്കയിൽ തന്നെ നിർമ്മിക്കുന്ന യൂറോപ്യൻ വാഹനങ്ങൾക്ക് ഈ അധിക ചുങ്കം ബാധകമാകില്ലെന്നും, നിർമ്മാണം അമേരിക്കയിലേക്ക് മാറ്റാൻ കമ്പനികളെ പ്രേരിപ്പിക്കാനാണ് നടപടി ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.
ട്രംപിന്റെ പ്രഖ്യാപനം യൂറോപ്യൻ യൂണിയനിൽ കടുത്ത പ്രതികരണം ഉയർത്തിയിട്ടുണ്ട്. ഈ നീക്കം യുഎസിനെ വിശ്വാസയോഗ്യമല്ലാത്ത വ്യാപാര പങ്കാളിയാക്കി കാണിക്കുന്നതാണെന്ന് യൂറോപ്യൻ പാർലമെന്റ് നേതാക്കൾ വിമർശിച്ചു.
പുതിയ ടാരിഫ് നീക്കം യു.എസ്.–യൂറോപ്യൻ യൂണിയൻ വ്യാപാരബന്ധത്തിൽ കൂടുതൽ സംഘർഷം സൃഷ്ടിക്കുമെന്നും, ആഗോള വാഹന വിപണിയിലും പ്രത്യാഘാതങ്ങൾ ഉണ്ടാകാനിടയുണ്ടെന്നുമാണ് വിലയിരുത്തൽ.

